വൃത്തിയാക്കിയാൽ മതിയോ, പാർക്ക് വേണ്ടേ...?
1480280
Tuesday, November 19, 2024 6:40 AM IST
ഈരാറ്റുപേട്ട: ഹരിതസഭയുടെ നടത്തിപ്പ് പൂർണമായും വിദ്യാർഥികൾ ഏറ്റെടുത്തതോടെ ഈരാറ്റുപേട്ട നഗരസഭയിലെ കുട്ടികളുടെ ഹരിതസഭ അർഥപൂർണമായി.
കഴിഞ്ഞ വർഷം നടന്ന ഹരിതസഭയിൽ ഞങ്ങൾ ആവശ്യപ്പെട്ടതു പ്രകാരം അരുവിത്തുറ പാലത്തിലെ മീനച്ചിലാറിന്റെ തീരത്തുള്ള പൊന്തക്കാടുകൾ നീക്കി മാലിന്യകേന്ദ്രം നീക്കം ചെയ്ത നഗരസഭാ നടപടിയെ പ്രശംസിച്ച കുട്ടികൾ അവിടെ ഇനിയും മാലിന്യങ്ങൾ എത്താതിരിക്കാൻ എന്തു നടപടി സ്വീകരിക്കുമെന്നു ചോദിച്ചു. അവിടെ സുന്ദരമായ പാർക്കും ഉദ്യാനവും നിർമിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന പരിഹാര നിർദേശം ഉന്നയിച്ച കുട്ടികൾ നഗരപരിധിയിൽ മാലിന്യം തള്ളപ്പെടുന്ന ഇത്തരം പ്രദേശങ്ങൾ ഏറെയുണ്ടെന്ന് ചിത്രങ്ങൾ സഹിതം ചൂണ്ടിക്കാട്ടി. വൃത്തിയാക്കി ഇവയെല്ലാം സൗന്ദര്യവത്കരിക്കണമെന്ന് ആവശ്യപ്പെട്ട കുട്ടികൾ അതിനു സേവനം നൽകാൻ തങ്ങൾ ഒരുക്കമാണെന്നു പറഞ്ഞു.
സ്കൂളിലെയും നഗരത്തിലെയും മാലിന്യസംസ്കരണ പ്രശ്നങ്ങളും അതിനുള്ള പരിഹാരത്തിന് വിവിധ ആവശ്യങ്ങളും സഹിതം ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചതോടെ ചോദ്യങ്ങളും മറുപടികളുമായി സഭാനടപടികൾ നീണ്ടത് രണ്ടു മണിക്കൂറോളം. മുഴുവൻ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഒടുവിൽ സഭ പിരിയുമ്പോൾ സഭാനടപടികൾ പൂർണമായും നിയന്ത്രിച്ച് അധ്യക്ഷത വഹിച്ച മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ സാദിയ സജീറിനെ അഭിനന്ദിച്ചത് കവിളിൽ മുത്തം നൽകി.
ഏറെ ചിന്തോദ്ദീപകമായിരുന്നു ഇത്തവണത്തെ കുട്ടികളുടെ ഹരിതസഭയെന്നും കുട്ടികൾ ഉന്നയിച്ച വിഷയങ്ങൾ അടുത്ത ദിവസം കുട്ടികൾ തന്നെ മിനിറ്റ്സായി നഗരസഭയ്ക്ക് കൈമാറുന്നതോടെ ഇത് അജൻഡയാക്കി പ്രത്യേകമായി കൗൺസിൽ യോഗം വിളിച്ചുചേർത്ത് പരിഹാര നടപടികൾ രേഖാമൂലം നൽകുമെന്നും ഉദ്ഘാടനത്തിനു ശേഷം മറുപടി പ്രസംഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു.
അരുവിത്തുറ പാലത്തിന് സമീപത്ത് ഉൾപ്പടെ നഗരപരിധിയിൽ 15 ഇടങ്ങളിൽ പാർക്കുകളും പൂന്തോട്ടങ്ങളും നിർമിക്കാൻ 50 ലക്ഷം രൂപ ആന്റോ ആന്റണി എംപി അനുവദിച്ചിട്ടുണ്ടെന്നും ഇതിനുള്ള പദ്ധതി സമഗ്രമായി തയാറാക്കി വരികയാണെന്നും ചെയർപേഴ്സൺ പറഞ്ഞു. നഗരസഭാ പരിധിയിലെ 15 സ്കൂളുകളിൽനിന്നുള്ള അധ്യാപകർ ഉൾപ്പെടെ 400 വിദ്യാർഥികൾ പങ്കെടുത്തു.