വീട്, ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് പണം കവർന്നു
1480665
Wednesday, November 20, 2024 8:08 AM IST
വെള്ളൂർ: വെള്ളൂരിൽ വീട്ടിലും ഹോട്ടലിലും മോഷണം നടത്തി. വീട്ടിൽ നിന്ന് 24,900 രൂപയും ഹോട്ടലിൽ നിന്നു 5,000 രൂപയോളവുമാണ് കവർന്നത്.
വെള്ളൂർ ഫെഡറൽ ബാങ്കിനു സമീപത്തെ മണികണ്ഠ ഹോട്ടലിലും ബാങ്കിനു പുറകു വശത്തുള്ള കിഴക്കേപറമ്പ് ഗോപാലകൃഷ്ണന്റെ വീട്ടിലുമാണ് ഇന്നലെ പുലർച്ചെ 4.30 ഓടെ മോഷണം നടന്നത്. ഹോട്ടലിന്റെ വാതിൽ കുത്തി തുറന്നു അകത്ത് കടന്നാണ് പണം അപഹരിച്ചത്.
വീട്ടിൽ ഗൃഹനാഥൻ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി വീടിനു പുറത്തിറങ്ങിയ ഗൃഹനാഥൻ വാതിൽ അടക്കാൻ മറന്നുപോയി. അവസരം മുതലെടുത്ത് വീടിന്റെ അകത്തു കടന്ന മോഷ്ടാവ് പൂട്ടാതിരുന്ന അലമാരയിൽ നിന്നു പണം കവരുകയായിരുന്നു. സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വെള്ളൂർ പോലീസ് അന്വേഷണം ആരംഭിച്ചു.