മാമ്മൂട് കൊച്ചുറോഡില്‍ കാഴ്ച മറച്ച് പുല്ലും പടലും
1480143
Monday, November 18, 2024 7:54 AM IST
മാമ്മൂട്: റോഡിന്റെ വശത്തെ പുല്ച്ചെടിക്കൂട്ടങ്ങളും വള്ളിച്ചെടികളും വെട്ടിമാറ്റാന്‍ അധികൃതര്‍ക്ക് നിസംഗത. വാഹനമോടിക്കുന്നവരുടേയും കാല്നടപ്പുകാരുടേയും കാഴ്ചമറയ്ക്കുന്നു. അപകടം പതിയിരിക്കുന്നു. വാഴൂര്‍ റോഡില്‍ മാമ്മൂടിനും കൊച്ചുറോഡിനുമിടയിൽ പെട്രോള്‍ പമ്പിനോടു ചേര്‍ന്നുള്ള നൂറുമീറ്ററോളം ഭാഗത്തെ റോഡരികാണ് പുല്പ്പടർപ്പുമൂലം അപകടക്കെണിയായത്. ഓടയില്ലാത്തതിനാല്‍ മഴക്കാലത്ത് റോഡിന്റെ വശത്തുകൂടി മലിനജലം ഒഴുകുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാണ്.
അപകടമേഖലയെന്ന് പോലീസ് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിനു സമീപമാണ് അധികാരികളുടെ അനാസ്ഥയില്‍ അപകടസാധ്യത പതിയിരിക്കുന്നത്. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള സ്ഥലം കൂടിയാണിത്.
ഈ റോഡില്‍ത്തന്നെ കറുകച്ചാല്‍ എന്‍എസ്എസ് ആശുപത്രി ജംഗ്ഷനു സമീപത്തും റോഡരികിലെ പുല്ച്ചെട്ടിക്കൂട്ടം വാഹന സഞ്ചാരികൾക്കു ദുരിതമാകുന്നുണ്ട്. പൊതുമരാമത്തു വകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വിഷയത്തില്‍ റോഡ് സുരക്ഷയ്ക്ക് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.