മണ്ണാറക്കയം-പനച്ചേപ്പള്ളി റോഡിൽ അറവുമാലിന്യം തള്ളുന്നു
1480286
Tuesday, November 19, 2024 6:40 AM IST
കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം-പനച്ചേപ്പള്ളി റോഡിൽ അറവുമാലിന്യം തള്ളല്‍ വ്യാപകമാകുന്നു. ആളൊഴിഞ്ഞ പ്രദേശങ്ങളിലും കാടുകയറിക്കിടക്കുന്ന പ്രദേശങ്ങളിലുമാണ് ചാക്കിലും പ്ലാസ്റ്റിക് കൂടുകളുമായി അറവുശാലകളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. നിരവധിത്തവണ പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.
പ്രദേശത്തു റോഡരികില്‍ ആള്‍ത്താമസം കുറവായതും വഴിവിളക്കുകൾ ഇല്ലാത്തതുമാണ് മാലിന്യം തള്ളുന്നവര്‍ക്കു സൗകര്യമാകുന്നത്. എന്നാൽ, ഇപ്പോൾ ജനവാസകേന്ദ്രങ്ങളിലടക്കം മാലിന്യങ്ങള്‍ തള്ളുന്ന സ്ഥിതിയായിട്ടുണ്ട്.
ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമായി രാത്രികാലങ്ങളിലാണ് മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതെന്നു നാട്ടുകാർ പറയുന്നു. മാലിന്യങ്ങളുടെ ദുർഗന്ധംമൂലം കാൽനടയാത്രക്കാർ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധി ഭീഷണിയുണ്ടാകാനും സാധ്യതയേറെയാണ്.
കൂടുതലും അറവുശാലകളിലെ മാലിന്യങ്ങളാണ് ചാക്കിൽകെട്ടി റോഡിൽ നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം തള്ളുന്ന സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതും ജനങ്ങള്‍ക്കു ഭീഷണിയാണ്. മാലിന്യംതള്ളൽ മൂലം നേരത്തേ പ്രദേശങ്ങളിൽ കുറുനരി ശല്യവും രൂക്ഷമായിരുന്നു.
മാലിന്യം തള്ളുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മാലിന്യങ്ങൾ തള്ളുന്നത് ഇനിയും വ്യാപകമാകുമെന്നും നാട്ടുകാർ പറഞ്ഞു. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.