കോട്ടയം നഗരസഭയിലെ തട്ടിപ്പ്: പോലീസ് ഇരുട്ടില്‍ തപ്പുന്നു
1480287
Tuesday, November 19, 2024 6:40 AM IST
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് ഫണ്ട് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയെ പിടികൂടാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. പ്രതിയായ അഖില്‍ സി. വര്‍ഗീസ് ഒളിവില്‍ പോയിട്ടു 100 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം നഗരസഭയിലെ പെന്ഷന് ഫണ്ടില്‍നിന്നു മൂന്നു കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
ആദ്യം കോട്ടയം വെസ്റ്റ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇയാളെ പിടികൂടാന്‍ കഴിയാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതിഷേധ സൂചകമായി കേരള മുനിസിപ്പല്‍ കണ്ടിൻജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്, മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന് എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്ത് മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.
ഗാന്ധി സ്ക്വയറിനു മുന്നില്‍ നടന്ന പ്രതിഷേധസമരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്കു മുന്നില്‍നിന്നു പ്രകടനമായി എത്തിയാണ് ജീവനക്കാരും തൊഴിലാളികളും പ്രതിഷേധസമരത്തില്‍ പങ്കാളികളായത്.