ശബരി എയര്‍പോര്‍ട്ട് : പബ്ലിക് ഹിയറിംഗ് എരുമേലിയിലും മുക്കടയിലും
1480292
Tuesday, November 19, 2024 6:40 AM IST
കോട്ടയം: എരുമേലി ശബരി വിമാനത്താവളം നിര്‍മാണം സാമൂഹികാഘാത സര്‍വേയുടെ ഭാഗമായി 29ന് എരുമേലി അസംപ്ഷന്‍ ഫൊറോനാ പാരിഷ് ഹാളിലും 30ന് മുക്കട കമ്യൂണിറ്റി ഹാളിലും പബ്ലിക് ഹിയറിംഗ് നടത്തും. എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതില്‍ ജനങ്ങളുടെ പൊതുവികാരം ശേഖരിക്കുക, ആശങ്കകള്‍ അറിയുക എന്നതിനാണു പൊതുയോഗം.
എയര്‍പോര്‍ട്ടിനായി സ്ഥലം വിട്ടു കൊടുക്കേണ്ടവരുടെയും ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇതിനായി നിയോഗിക്കപ്പെട്ട തൃക്കാക്കര ഭാരത് മാതാ കോളജ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. എയര്‍പോര്‍ട്ടിന് 3500 കോടി രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആശുപത്രി, കാന്റീന്, ലേബര്‍ ഓഫിസ്, സ്കൂള്‍, ലയങ്ങള്‍, റേഷന്‍ കട, ആരാധനാലയങ്ങള്‍ തുടങ്ങിയ നിര്‍മിതികള്‍ പൊളിച്ചുമാറ്റേണ്ടി വരും. പല ഇനത്തിലും വലുപ്പത്തിലുമുള്ള നാല്പതിനായിരത്തിലേറെ മരങ്ങള്‍ മുറിച്ചുനീക്കണം. ഇതില്‍ പതിനേഴായിരം റബര്‍ മരങ്ങളും ഉള്‍പ്പെടുന്നു. ടാപ്പിംഗ് തൊഴിലാളികളില്‍ ഏറെപ്പേരും വയോധികരായതിനാല്‍ അവര്‍ക്ക് ആയുഷ്കാല സുരക്ഷ ഉറപ്പാക്കി പുനരധിവാസം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
326 കുടുംബങ്ങള്‍ക്ക് ജോലി നഷ്ടപ്പെടും. എസ്റ്റേറ്റിലും പുറത്തുമായി 327 കുടുംബങ്ങളെ ബാധിക്കും. ആകെ 1965 വ്യക്തികളെയാണ് നിര്‍മാണം പല തലങ്ങളിലായി ബാധിക്കുക. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കി സ്ഥലം ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കാലതാമസം വരരുതെന്നുമാണ് സ്ഥലം നല്‍കുന്നവരുടെ താത്പര്യം. എയര്‍പോര്‍ട്ട് വരുന്നതിൽ ആര്‍ക്കും തന്നെ വിയോജിപ്പില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം ഇവിടം സുരക്ഷിതമേഖലയാണ്. എരുമേലി, മണിമല പഞ്ചായത്തുകളുടെ പരിധിയിലാണ് എയര്‍പോര്‍ട്ട് വരിക.