ഇറക്കുമതി റബര്‍ ഉപയോഗിച്ച് നിര്‍മിച്ച ടയറും മറ്റുത്പന്നങ്ങളും ബഹിഷ്കരിക്കാന്‍ ആഹ്വാനം
1480590
Wednesday, November 20, 2024 6:48 AM IST
കോട്ടയം: ഇന്ത്യയിലെ റബര്‍ കര്‍ഷകര്‍ ഉത്പാദിപ്പിച്ച റബര്‍ വാങ്ങാതെ വിദേശങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത റബര്‍ ഉപയോഗിച്ച് നിര്‍മിച്ച ടയറും മറ്റുത്പന്നങ്ങളും ബഹിഷ്കരിക്കാന്‍ ഇന്ത്യയിലെ കര്‍ഷകരോട് എന്‍എഫ്ആര്‍പിഎസ് ആഹ്വാനം ചെയ്തു. ടയര്‍ കമ്പനികള്‍ ഇന്ത്യന്‍ റബര്‍ കര്‍ഷകരില്‍നിന്നു റബര്‍ വാങ്ങാതെ മാറിനില്‍ക്കുകയാണ്. കര്‍ഷകനെ സമ്മര്‍ദത്തിലാക്കി റബര്‍ വിലകുറച്ചു വാങ്ങുന്നതിനുള്ള അടവാണിത്.
ഈ കര്‍ഷകര്‍ ഇന്ത്യക്കാര്തന്നെയാണെന്ന് വ്യവസായികള്‍ മനസിലാക്കണം. വ്യവസായികളുടെ നീക്കം കര്‍ഷകനെ ഉന്മൂലനം ചെയ്യുന്നതിനുള്ള തീവ്രവാദനീക്കമാണ്. കര്‍ഷകനെ സംരക്ഷിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ നിസംഗതയിലാണ്. ക്വിറ്റ് ഇന്ത്യന്‍ ടയര്‍ ലോബി എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകാന്‍ എന്‍എഫ്ആര്‍പിഎസ് ദേശീയ കമ്മിറ്റി തീരുമാനിച്ചു.
നാളെ എന്‍എഫ്ആര്‍പിഎസ് ദേശീയാധ്യക്ഷന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസ സമരത്തില്‍ എന്എഫ്ആര്പിഎസിന്റെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും.
ദേശീയ പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. താഷ്കന്റ് പൈകട, കൊട്ടാരക്കര സദാനന്ദന്, പ്രദീപ് കുമാര്‍ മാര്‍ത്താണ്ഡം, പി.കെ. കുര്യാക്കോസ്, രാജന് ഫിലിപ്സ് മംഗലാപുരം, കെ.പി.പി. നമ്പ്യാര്‍, ഹരിദാസന് കല്ലടിക്കോട്, രാജന് മടിക്കൈ, ജോയി കുര്യന് കോഴിക്കോട്, ജോര്‍ജ്കുട്ടി മാങ്ങാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.