വൈക്കത്തഷ്ടമി: ആനയൂട്ടും ഗജപൂജയും നാളെ
1480398
Tuesday, November 19, 2024 8:08 AM IST
വൈക്കം: അഷ്ടമിയുടെ ഒന്‍പതാം ഉത്സവ ദിവസമായ നാളെ മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ടും ഗജപൂജയും നടക്കും. വൈകുന്നേരം നാലിനാണ് ആനയൂട്ട്. കിഴക്കേ ആനപ്പന്തലിന് സമീപം നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന് പങ്കെടുക്കും. വ്യാഘ്രപാദത്തറക്ക് സമീപം നടക്കുന്ന ഗജപൂജയ്ക്ക് തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് മാധവന് നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വാദ്യമേളങ്ങള്‍ അകമ്പടിയാകും.
തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് 21ന്
വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങുകളിലൊന്നായ തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് 21ന് രാവിലെ അഞ്ചിന് നടക്കും. ഒന്‍പതാം ഉത്സവ ദിവസമായ നാളെ നടക്കേണ്ട വിളക്ക് എഴുന്നളിപ്പാണ് തെക്കുംചേരമേല് എഴുന്നള്ളിപ്പ്. പത്താം ഉത്സവ ദിനം പുര്‍ച്ചെയാണ് ഇതു നടക്കുക. വൈക്കം ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ തെക്കുഭാഗത്തുള്ള പനച്ചിക്കല്‍ ഭഗവതിയുമായി ബന്ധപ്പെട്ടതാണ് ഇത്. വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയാകും.
പഞ്ചാരിമേളം നാളെ
വൈക്കം: അഷ്ടമിയുടെ ഒന്‍പതാം ഉത്സവമായ നാളെ വൈകുന്നേരം 4.30ന് പെരുവനം കുട്ടന് മാരാരുരുടെ പഞ്ചാരിമേളം ക്ഷേത്രത്തില്‍ അരങ്ങേറും. വൈകുന്നേരം നടക്കുന്ന കാഴ്ച ശ്രീബലിക്ക് കൊമ്പ് പറ്റ്, കുഴല്‍ പറ്റ് എന്നിവയോടെയാണ് പഞ്ചാരിമേളം തുടങ്ങുന്നത്.
ഉത്സവബലി ഇന്ന്
വൈക്കം: വൈക്കത്തഷ്ടമിയുടെ എട്ടാം ഉത്സവ ദിനമായ ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന ഉത്സവബലിക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന് നമ്പൂരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
കാഴ്ചശ്രീബലി ഇന്ന്
വൈക്കം: അഷ്ടമിയുടെ എട്ടാം ഉത്സവ ദിനമായ ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന കാഴ്ചശ്രീബലിക്ക് ചോറ്റാനിക്കര വിജയന് മാരാര്‍, ചേര്‍പ്പുളശേരി ശിവന്, വൈക്കം ചന്ദ്രന് മാരാര്‍ എന്നിവരുടെ പ്രമാണ്യത്തില്‍ 70 ലധികം കലാകാരന്മാര് അണിനിരക്കുന്ന പഞ്ചവാദ്യം ഉണ്ടാകും.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ ഏഴു മുതല്‍ സംഗീത സദസ്, എട്ടിന് ശ്രീബലി, 10.30ന് കാലാക്കല്‍ ക്ഷേത്രത്തില്‍നിന്ന് ഉടവാള് എഴുന്നള്ളിപ്പ്, സംഗീത സദസ്, ഉച്ചയ്ക്ക് ഒന്നിന് പ്രഭാഷണം, 1.30ന് ഓട്ടന്തുള്ളല്, രണ്ടിന് ഉത്സവബലി ദര്‍ശനം, 2.30 മുതല്‍ തിരുവാതിര, അഞ്ചിന് കാഴ്ച ശ്രീബലി, പഞ്ചവാദ്യം, വില്പാട്ട്, ഏഴു മുതല്‍ നൃത്തനൃത്യങ്ങള്‍, ബുധനാഴ്ച അഞ്ചിന് വിളക്ക്, വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്.