ജനറല്‍ ആശുപത്രി ബഹുനില മന്ദിരം, കോടിമത-മുപ്പായിക്കാട് റോഡ് നവീകരണം പ്രതിസന്ധിയിൽ
1480391
Tuesday, November 19, 2024 8:08 AM IST
കോട്ടയം: അനുമതി വൈകുന്നത് ജില്ലാ ജനറല്‍ ആശുപത്രി ബഹുനില മന്ദിരത്തിന്റെയും കോടിമത - മുപ്പായിക്കാട് റോഡിന്റെ നവീകരണത്തെയും ബാധിക്കുന്നു. ജില്ലാ ജനറല്‍ ആശുപത്രിയില്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലായി വികസിപ്പിക്കുന്നതിനുള്ള നിര്‍മാണത്തിന്റെയും മുപ്പായിക്കാട് റോഡ് മണ്ണിട്ട് ഉയര്ത്തുന്നതിന്റെയുമാണ് അനുമതി ലഭിക്കാത്തത്.
ജില്ലാ ആശുപത്രിയില്‍ ബഹുനില കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തെ മണ്ണ് നീക്കുന്നത് മുപ്പായിക്കാട് റോഡില്‍ നിക്ഷേപിച്ച് ഉയര്‍ത്തുന്നതിനുള്ള ശിപാര്‍ശ നാളുകളായി ഫയലില്‍ ഉറങ്ങുകയാണ്. ഇതുസംബന്ധിച്ച് മന്ത്രി, എംഎല്എതല ചര്‍ച്ചകള്‍ നടന്ന് തീരുമാനത്തിലായെങ്കിലും ഉത്തരവ് ഇറങ്ങാന്‍ വൈകുകയാണ്.
നിര്‍മാണം കഴിഞ്ഞ ആഴ്ച ആരംഭിക്കുമെന്നാണു ജനപ്രതിനിധികള്‍ അവകാശപ്പെട്ടിരുന്നതെങ്കിലും ഇതിനായുള്ള അന്തിമ അനുമതി ഇതുവരെയും ലഭിച്ചില്ല. ജില്ലാ ആശുപത്രിയോടനുബന്ധിച്ച് കിഫ്ബിയില്‍നിന്ന് 129.89 കോടി ചെലവിട്ട് മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിന് 10 നിലകളുള്ള മന്ദിരത്തിന്റെ നിര്‍മാണം 2018ല്‍ പ്രഖ്യാപിച്ചതാണ്.
അടുത്ത ജനുവരിയോടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും ഇവിടെയുള്ള മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ തറക്കല്ലുപോലും ഇടാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണു മണ്ണ് കോട്ടയം, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളിലെ വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ മന്ത്രി വി.എന്‍. വാസവനും കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജില്ലാഭരണകൂടവും ചേര്‍ന്നു തീരുമാനിച്ചത്.
ആശുപത്രിയുടെ ബഹുനില മന്ദിരത്തിന്റെ നിര്‍മാണം എത്രയും വേഗം ആരംഭിക്കുന്നതിനു നിര്‍മാണക്കരാറുകാര്‍ അവരുടെ ചെലവില്‍ മണ്ണ് നീക്കം ചെയ്യുന്നതിനും സന്നദ്ധരായി. സംസ്ഥാന സര്‍ക്കാരിന്റെ പിപിപി സംരംഭമായ ഇന്‍കെല്‍ ലിമിറ്റഡിനായിരുന്നു കരാര്‍.
ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മെഡിക്കല്‍ കോളജില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് മണ്ണടിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തില്‍ നടന്നു. കോടിമത - മുപ്പായിക്കാട് റോഡില്‍ മണ്ണടിക്കുന്നതിനുള്ള ഫയല്‍ തട്ടിക്കളിക്കുകയാണെന്നു കോടിമത - മുപ്പായിക്കാട് ജേര്‍ണലിസ്റ്റ് ഗാര്ഡന് റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ ചെറുകര സണ്ണി ലൂക്കോസും പി.പി. മുഹമ്മദുകുട്ടിയും ആരോപിച്ചു. ആശുപത്രിയുടെ നിര്‍മാണവും റോഡിന്റെ പുനരുദ്ധാരണവും മനപ്പൂര്‍വം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. അടിയന്തരമായി അധികൃതര്‍ ഇടപെട്ട് ഉടന്‍ തീരുമാനമെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.