മാലിന്യം ചീഞ്ഞളിഞ്ഞ് അന്ധകാരത്തോട്ടിൽനിന്ന് കടുത്ത ദുർഗന്ധമുയരുന്നു
1480396
Tuesday, November 19, 2024 8:08 AM IST
വൈക്കം: വൈക്കം നഗരഹൃദയത്തിലൂടെ ഒഴുകുന്ന അന്ധകാരത്തോട് മാലിന്യം ചീഞ്ഞളിഞ്ഞതിനെ ത്തുടർന്ന് കടുത്ത ദുർഗന്ധം വമിക്കുന്നു. കറുത്ത നിറത്തിലൊഴുകുന്ന തോട്ടിലെ ജലം അന്ധകാരത്തോടെന്ന പേര് തികച്ചും അന്വർഥമാക്കുകയാണിപ്പോൾ. പതിറ്റാണ്ടുകൾക്കു മുമ്പ് വൈക്കത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന ശ്രീമൂലം മാർക്കറ്റിലേക്ക് കേവു വള്ളങ്ങളിൽ സാധനസാമഗ്രികൾ എത്തിച്ചിരുന്ന തോടാണിത്.
നാലു മീറ്ററോളം വീതിയുണ്ടായിരുന്ന തോട്ടിൽ തെളിനീരൊഴുകിയിരുന്നു. കരമാർഗത്തിലൂടെയുള്ള കച്ചവടത്തിന് പ്രാധാന്യം വന്നതോടെ ജലഗതാഗതം കുറഞ്ഞ തോട് സമീപവാസികൾ കയ്യേറിയതോടെ അന്ധകാരത്തോടിന്റെ ശനിദശ തുടങ്ങി. വൈപ്പിൻപടിക്കു സമീപമുള്ള കണിയാൻതോട്ടിൽനിന്നാരംഭിച്ച് നഗര മധ്യത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന തോടിനിപ്പോൾ പലയിടത്തും ഒരു മീറ്ററിനും ഒന്നര മീറ്ററിനുമിടയിലാണ് വീതി.
തോട്ടിൽ ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് കടുത്ത ദുർഗന്ധം വമിക്കുകയാണ്. പല പദ്ധതികളിലായി കോടികൾ വിനിയോഗിച്ചിട്ടും തോട്ടിലെ മാലിന്യത്തിന് ഒട്ടും കുറവില്ല. തോടിന് ഇരുകളിലുമായി താമസിക്കുന്ന നൂറോളം കുടുംബങ്ങൾ മലിനീകരണംമൂലം കടുത്ത ദുരിതത്തിലാണ്.