വഴിവിളക്കുകള്‍ നാനൂറിലേറെ; പക്ഷേ തെളിയുന്നില്ല
1480281
Tuesday, November 19, 2024 6:40 AM IST
പാലാ: സംസ്ഥാനപാതയായി നവീകരിച്ചപ്പോള്‍ നാനൂറിലധികം വഴിവിളക്കുകളുടെ പ്രൗഢിയില്‍ തിളങ്ങിയിരുന്ന പാലാ-പൊന്‍കുന്നം റോഡും പാലാ-തൊടുപുഴ റോഡും ഇപ്പോള്‍ ഇരുട്ടില്‍.
പാലാ-പൊൻകുന്നം റോഡിൽ 21 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ ഇടവിട്ട് ഇരുവശങ്ങളിലുമായി ഉയരമുള്ള തൂണുകളില്‍ സ്ഥാപിച്ച സൗരോര്‍ജപാനലുകളും ബാറ്ററിയും ഒക്കെ ചേര്‍ന്ന വഴിവിളക്കുകള്‍ വാറന്റി കാലാവധി പിന്നിട്ടതോടെ പൂര്‍ണമായും തകരാറിലായി.
രണ്ടുവര്‍ഷത്തിലേറെയായി ഒരെണ്ണം പോലും തെളിയുന്നില്ല. വാഹനങ്ങളിടിച്ചു കേടായ വിളക്കുകള്‍ക്കെല്ലാം അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വാഹനഉടമകളില്നിന്നു സര്‍ക്കാരിലേക്ക് നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ഒന്നുപോലും പുനഃസ്ഥാപിച്ചില്ല. ഒടിഞ്ഞ് വഴിയില്‍ വീണുകിടന്ന തൂണുകളില്‍നിന്നു ബാറ്ററികള്‍ മോഷണം പോവുകയും ചെയ്തു.
ബാറ്ററിയുടെയും പാനലിന്റെയും തകരാര്‍ മൂലം ബാക്കി വഴിവിളക്കുകളും പ്രവര്‍ത്തനരഹിതമായി. ബാറ്ററികള്‍ മോഷ്ടിച്ച ഏതാനും സംഘങ്ങളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. നാട്ടുകാരും തദ്ദേശസ്ഥാപനങ്ങളും നിരന്തരം പരാതി നല്‍കിയിട്ടും വഴിവിളക്കുകള്‍ നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കുന്നില്ല.
റോഡില്‍ വെളിച്ച സംവിധാനങ്ങള്‍ ഇല്ലാത്തതു ശബരിമല തീര്‍ഥാടകരെ ഉൾപ്പെടെ ഏറെ വലയ്ക്കുന്നുണ്ട്. വഴിവിളക്കുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുകയോ റോഡില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തൊടുപുഴ റോഡിൽ
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ തൊടുപുഴ-പാലാ റൂട്ടിലെ സോ ളാർ ലൈറ്റുകൾ കണ്ണടച്ചിട്ടു വർഷങ്ങളായി. പല പോസ്റ്റുകളിലും ബാറ്ററി ബോക്സുകൾ കാലിയാണ്. ചില ബോക്സുകൾ അടിച്ചുതകർത്തതു പോലെയാണ് കാണുന്നത്. ഭൂരിപക്ഷം ബാറ്ററികളും മോഷണം പോയതാണ്.
സംസ്ഥാന പാതയിലെ സോളർ ലൈറ്റുകളുടെ തകരാർ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം സർവേ നടത്തിയ അനെർട്ടും ഇതേ കാര്യമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ചില പോസ്റ്റുകളിലെ സൗരോർജ പാനലുകൾ അടക്കം കാട്ടുവള്ളികൾ പടർന്നുമൂടിയ നിലയിലാണ്. മറ്റു ചിലതു വാഹനങ്ങളിടിച്ച് തകർന്നിരിക്കുന്നു. ഒരു ലൈറ്റ് പോലും ഇവിടെയെങ്ങും കത്തുന്നില്ല.
റോഡിലെ വെളിച്ചക്കുറവ് തൊടുപുഴ റോഡിൽ അപകടപരന്പര സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തിൽ പരാതികൾ ഏറെയുണ്ടായിട്ടും ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തിൽ അധികൃതർ കാര്യമായ ഇടപെടൽ നടത്തിയില്ല. എതിരേ വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാത്ത പ്രവണതയും പതിവായതിനാൽ റോഡിന്റെ വീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുന്നതായി യാത്രക്കാർ പറയുന്നു.