സിപിഎം സമ്മേളനം: കാഞ്ഞിരപ്പള്ളിയില്‍ ഔദ്യോഗിക പാനലിനെതിരേ മത്സരം
1480289
Tuesday, November 19, 2024 6:40 AM IST
കോട്ടയം: സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് മത്സരിച്ചവര്‍ക്ക് 100നു മുകളില്‍ വോട്ടു ലഭിച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പളളിയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വം അവതരിപ്പിച്ച ഏരിയാ കമ്മിറ്റി പാനലിനെതിരേയാണ് ഏരിയ കമ്മിറ്റിയിലുണ്ടായിരുന്ന ജയിംസ് പി. സൈമണും എം.വി. ഗിരീഷ്കുമാറും മത്സരിച്ചത്. ഇവരെ ഒഴിവാക്കിയാണ് പാനല്‍ അവതരിപ്പിച്ചത്.
170 സമ്മേളന പ്രതിനിധികളില്‍ ജയിംസിനു 106 വോട്ടും ഗിരീഷിനു 109 വോട്ടും ലഭിച്ചു. ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവ് അന്‍ഷാദിനാണ് ഏറ്റവും കുറവ് വോട്ട് ലഭിച്ചത്. ജില്ലാ കമ്മിറ്റിയംഗമായ ഷമീം അഹമ്മദ് ഏരിയാ കമ്മിറ്റിയില്‍നിന്ന് ഒഴിവാകുകയും ചെയ്തു. ഇതോടെ ജില്ലയിലെ ഏറ്റവും വലിയ ഏരിയാ ഘടകമായ കാഞ്ഞിരപ്പള്ളിയില്‍ വിഭാഗീയത രൂക്ഷമായി.
മണിമല പഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായിരുന്ന ജയിംസിനെ കമ്മിറ്റിയില്‍ ഹാജര്‍ കുറവാണെന്നും പ്രവര്‍ത്തനം നിര്ജീവമാണെന്നും പറഞ്ഞാണ് ഒഴിവാക്കിയത്. മുക്കൂട്ടുതറ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഗിരീഷിനെ മുക്കൂട്ടുതറയില്‍നിന്നും മറ്റൊരാളെ ഉള്‍പ്പെടുത്താനെന്ന പേരിലാണ് ഒഴിവാക്കിയത്. ജില്ലാ സെക്രട്ടറി എ.വി. റസല്‍, മുതിര്‍ന്ന നേതാക്കളായ കെ.ജെ. തോമസ്, പി.എന്‍. പ്രഭാകരന് എന്നിവരുള്‍പ്പെടെ നാലു സെക്രട്ടേറിയറ്റംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തിലാണു മത്സരം നടന്നത്.
മത്സരം ഒഴിവാക്കണമെന്നു ജില്ലാ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഒഴിവാക്കപ്പെട്ട ഇരുവരും തയാറായില്ല. മത്സരത്തില്‍ ഇരുവര്‍ക്കും 100 വോട്ടില്‍ കൂടുതല്‍ ലഭിച്ചതോടെ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ എതിര് ശബ്ദവും വിഭാഗീയതയും രൂക്ഷമാകുമെന്നുറപ്പായി. ഏരിയാ സെക്രട്ടറിയായി കെ. രാജേഷിനെ മൂന്നാം വട്ടവും ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയും ചെയ്തു.
പാലായിലേക്ക് മുഴുവന്‍ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും
ഇന്നു പാലായില്‍ ആരംഭിക്കുന്ന പാലാ ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത രൂക്ഷമായതിനാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവനും മുഴുവന്‍ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും പങ്കെടുക്കും. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാറിനെയായിരുന്നു ആദ്യം സമ്മേളനം ഉദ്ഘാടനം ചെയ്യാനായി നിര്‍ദേശിച്ചിരുന്നതെങ്കിലും അവസാന നിമിഷം ജില്ലാ സെക്രട്ടറി എ.വി. റസലിനെ ഉദ്ഘാടകനാക്കി. കഴിഞ്ഞ സമ്മേളനത്തിലുണ്ടായ വിഭാഗീയതയും മറ്റു പ്രശ്നങ്ങളും മൂലമാണ് ജില്ലാ നേതൃത്വം ഒന്നാകെ സമ്മേളനത്തിനെത്തുന്നത്.
പാലാ മുനിസിപ്പാലിറ്റിയിലെ കേരള കോണ്‍ഗ്രസ്-എമ്മുമായുള്ള പ്രശ്നങ്ങള്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയാകുമെന്നതിനാലാണ് ജില്ലാ നേതൃത്വം ഒന്നാകെ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
നിലവിലെ സെക്രട്ടറി പി.എം. ജോസഫിനെതിരേ എതിര്‍പ്പ് ശക്തമാണ്. പാലായില്‍നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ നേതൃത്വത്തില്‍ ജോയി കുഴിപ്പാല, എം.ടി. ജാന്റീഷ് എന്നിവരിലൊരാളെ സെക്രട്ടറിയാക്കാനാണ് നീക്കമെങ്കിലും വിഭാഗീയതയും മത്സരവും അനുവദിക്കില്ലെന്നണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
ജില്ലാ കമ്മിറ്റിയംഗവും വെളിയന്നൂര്‍ പഞ്ചായത്തു പ്രസിഡന്റുമായ സജേഷ് ശശി, സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്മാന് ഷാര്‍ളി മാത്യു എന്നിവരിലൊരാളെ സെക്രട്ടറിയാക്കാനാണ് ജില്ലാ നേതൃത്വത്തിനു താത്പര്യം.