വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ വിദേശികൾ കുമരകത്ത്
1339939
Monday, October 2, 2023 2:11 AM IST
കുമരകം : വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയിൽനിന്നും കമ്പാേഡിയായിൽനിന്നുമുള്ള വിശ്വാസികൾ കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ എത്തി.
പള്ളിയിൽ 8.30 നാരംഭിച്ച രണ്ടാമത്തെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാനാണ് കമ്പാേഡിയായിൽനിന്നുള്ള ഡെെമിയാസ് സാേവിയും ഇന്തോനേഷ്യക്കാരി ജുനീറ്റാ ശിലാഹിയും എത്തിയത്. കോട്ടയത്തു നടന്നുവരുന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യാ (സിസിഎ ) യിൽ പങ്കെടുക്കാനെത്തിയതാണ് ഇവർ.
ഏഷ്യയിലെ എല്ലാ വിഭാഗം ക്രൈസ്തവ സഭകളുടേയും ഐക്യവേദിയാണ് സിസിഎ. ഇന്ത്യയിൽ വച്ചു നടക്കുന്ന സിസിഎയുടെ രണ്ടാമത്തേതും കേരളത്തിൽ നടക്കുന്ന ആദ്യത്തേതുമായ സമ്മേളനവുമാണിത്. കഴിഞ്ഞ 28 മുതൽ ജറുശലേം മാർത്തോമ്മാ പള്ളിയിലും മാമ്മൻമാപ്പിള ഹാളിലുമായി നടക്കുന്ന സമ്മേളനം നാളെ സമാപിക്കും.
കടമുള്ള ദിവസമായ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നത് നിർബന്ധമായതിനാലാണ് പള്ളിയിൽ എത്തിയതെന്ന് ഇവർ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ പ്രകൃതി ഭംഗിയെക്കുറിച്ചറിഞ്ഞതിനാലാണ് കുമരകത്ത് എത്തിയതെന്നും ചരിത്ര പ്രസിദ്ധവും മനോഹരവുമായ ആറ്റാമംഗലം പള്ളിയിലെ വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ സാധിച്ചതിൽ എറെ ചാരിതാർത്ഥ്യമുണ്ടെന്നും പള്ളി ഭാരവാഹികളെ അവർ അറിയിച്ചു. ഡീക്കൻ ബെന്നി ജോൺ വടവാതൂർ പരിഭാഷകനായി ഇവരോടാെപ്പമുണ്ടായിരുന്നു.
പള്ളിയിലെത്തിയ ഇരുവരേയും വികാരിമാരായ ഫാ. വിജി കുരുവിള എടാട്ടും ഫാ. തോമസ് ജയിംസ് കണ്ട മുണ്ടാരിയും പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ ട്രസ്റ്റി ജോർജ് ജേക്കബ് പുതിയപറമ്പിൽ പള്ളിയുടെ ലഘുചരിത്രം സമ്മാനിച്ചു.
സ്നേഹാദരവുകൾക്കു പള്ളി ട്രസ്റ്റി പി.വി. ഏബ്രഹാം കല്ലിപ്പുറത്താേടും സെക്രട്ടറി റാേബിൻ തോമസിനോടും കമ്മിറ്റി അംഗങ്ങളോടും നന്ദി പറഞ്ഞാണ് ഇരുവരും മടങ്ങിയത്.