തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് മുന്നണികളും പാര്‍ട്ടികളും
1591646
Sunday, September 14, 2025 11:13 PM IST
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങി സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്ന നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കടന്നതോടെ സീറ്റ്, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കുള്ള പ്രാരംഭ ചര്‍ച്ചകള്‍ മുന്നണികളും പാര്‍ട്ടികളും ആരംഭിച്ചു. 15ന് ജില്ലാ കളക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. 26ന് സെക്രട്ടറിമാര്‍ക്ക് സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനായി പരിശീലനവുമുണ്ട്. ഇതിനുശേഷം വാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വാങ്ങുന്നതിനായിട്ടാണ് എല്‍ഡിഎഫിലെയും യുഡിഎഫിലെയും കക്ഷികളുടെ ശ്രമം. എന്‍ഡിഎ മുന്നണിയിലാകട്ടെ ബിഡിജെഎസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടുകഴിഞ്ഞു. പരമാവധി പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് സിപിഎമ്മിന്റെയും സിപിഐയുടെയും തീരുമാനം. സ്ഥിരം മത്സരിക്കുന്നവര്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ല.
കേരള കോണ്‍ഗ്രസ് പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനൊപ്പം ജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണന നല്‍കിയിരിക്കുന്നത്. പഞ്ചായത്തു തലത്തില്‍ ഇതിനായി കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസും പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും അവസാന നിമിഷം ഗ്രൂപ്പുകളും നേതാക്കളും ഇടപെടുന്നതോടെ പഴയ മുഖങ്ങളും മത്സര രംഗത്തുണ്ടാകും. ബിജെപിയും ജനസമ്മതിയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി ജയം ഉറപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
സീറ്റുകൾ വച്ചുമാറ്റവും ആലോചനയിൽ
ജില്ലാ പഞ്ചായത്തില്‍ പുതിയതായി രൂപീകരിക്കപ്പെട്ട തലനാട് ഡിവിഷനുവേണ്ടി എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എമ്മും സിപിഐയും അവകാശവാദം ഉന്നയിക്കും. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ തങ്ങളുടെ ശക്തികേന്ദ്രമെന്ന നിലയിലാണു കേരള കോണ്‍ഗ്രസ്-എം സീറ്റിന് ഇപ്പോഴേ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ പൂഞ്ഞാര്‍ മറ്റൊരു സീറ്റുമായി വച്ചു മാറാനും കേരള കോണ്‍ഗ്രസിന് ആലോചനയുണ്ട്. സിപിഐയ്ക്കും ചില സീറ്റുകള്‍ വച്ചുമാറാന്‍ ആലോചനയുണ്ട്. വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ആനുപാതികമായി സീറ്റുകളുടെ എണ്ണത്തിലും വര്‍ധന വേണമെന്നും എല്‍ഡിഎഫില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും സിപിഐയുടെ ജില്ലയിലെ പ്രമുഖ നേതാവ് പറഞ്ഞു.
ജില്ലാ പഞ്ചായത്തില്‍
സീറ്റിനായി മുസ്ലിം ലീഗും
യുഡിഎഫില്‍ തലനാട് സീറ്റിനായി കോണ്‍ഗ്രസ് അവകാശവാദമുന്നയിക്കാനാണ് സാധ്യത. കേരള കോണ്‍ഗ്രസിനും പുതിയ സീറ്റില്‍ നോട്ടമുണ്ട്. മുസ്ലിം ലീഗ് ഇത്തവണ ജില്ലാ പഞ്ചായത്തില്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കും. കഴിഞ്ഞ തവണ സീറ്റു ചര്‍ച്ചയില്‍ ഇത്തവണ സീറ്റുനല്കാമെന്ന ധാരണയുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നത്. മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി സീറ്റുകളിലാണ് ലീഗിനു നോട്ടം.
വാര്‍ഡുകളുടെ സംവരണം നറുക്കിട്ടില്ലെങ്കിലും കണക്കുകൂട്ടലുകള്‍ നിരത്തി മുന്നണികളിലെയും പാര്‍ട്ടികളിലെയും നേതാക്കള്‍ പലരും രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, രാധാ വി. നായര്‍, സുധാ കുര്യന്, ബെറ്റി ടോജോ, ശോഭാ സലിമോന്‍, സിജു കെ. ഐസക്, കുഞ്ഞ് പുതുശേരി, ആര്. പ്രേംജി, മോളി പീറ്റര്‍ തുടങ്ങിയവര്‍ മത്സരരംഗത്ത് ഉണ്ടായേക്കും.
കേരള കോണ്‍ഗ്രസില്‍നിന്നു ജോസ്മോന് മുണ്ടയ്ക്കല്‍, ജയ്സണ്‍ ജോസഫ്, സാബു പ്ലാത്തോട്ടം, മറിയാമ്മ മുള്ളുകാലായില്‍ എന്നിവരാണ് സീറ്റിനായി രംഗത്തുള്ളത്.
കഴിഞ്ഞ തവണത്തെപ്പോലെ എല്‍ഡിഎഫില്‍ സിപിഎമ്മിനും സിപിഐയ്ക്കും കേരള കോണ്‍ഗ്രസ്- എമ്മിനും മാത്രമേ ജില്ലാ പഞ്ചായത്തില്‍ സീറ്റുകള്‍ കാണുകയുള്ളൂ. ചെറുകക്ഷികളെ ഇത്തവണയും എല്‍ഡിഎഫ് അവഗണിച്ചേക്കും. സിപിഎമ്മില്‍നിന്നു മുന്‍ ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, കെ.എം. രാധാകൃഷ്ണന്, തിരുവാര്‍പ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അജയന് കെ. മേനോന്, കെ.കെ. രഞ്ജിത്ത് എന്നിവര്‍ മത്സരരംഗത്തുണ്ടാകും.
കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നു നിലവിലെ ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് പുത്തന്‍കാല, നിര്‍മല ജിമ്മി, പി.എം. മാത്യു എന്നിവരും ബെറ്റി റോയി, പെണ്ണമ്മ തോമസ്, പി.സി. കുര്യന്, ജോഷി മൂഴിയാങ്കല്‍ തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ നോട്ടമിട്ടിട്ടുണ്ട്.
സിപിഐയില്‍നിന്നും പി. പ്രദീപ്, ജോണ്‍ വി. ജോസഫ്, മോഹന്‍ ചേന്ദംകുളം തുടങ്ങിയവരാണ് വിവിധ സീറ്റുകളില്‍ പരിഗണനയില്‍.