സ്റ്റേഷന് നവീകരണം മാത്രം പോരാ, കോട്ടയത്തിന് പുതിയ ട്രെയിനുകളും വേണം
1591901
Monday, September 15, 2025 11:45 PM IST
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനുള്ളിലെ വികസനംപോലെ പ്രധാനമാണ് യാത്രക്കാരുടെ ദുരിതം പരിഹരിക്കാനുള്ള നടപടിയും. കോട്ടയം സ്റ്റേഷനില്‍ പുതിയ പ്ലാറ്റ്ഫോമും മേല്‍പ്പാലവും വന്നതല്ലാതെ ഒരു വണ്ടിപോലും പുതുതായി ലഭിച്ചിട്ടില്ല. ആറ് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രണ്ടാമത്തെ കവാടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലുമാണ്.
നിലവില്‍ വേണാട്, പാലരുവി, വഞ്ചിനാട് ട്രെയിനുകളെ ആശ്രയിച്ചാണ് പതിനായിരക്കണക്കിനു പേരുടെ യാത്ര. എറണാകുളം വരെയുള്ള ട്രെയിനുകളിൽ രണ്ടോ മൂന്നോ വണ്ടികള്‍ കോട്ടയം വരെ നീട്ടിയാല്‍ ശ്വാസം മുട്ടിയും വാതിലില്‍ തൂങ്ങിയുമുള്ള ദുരിതത്തിന് പരിഹാരമാകും. വേണാട്, മെമു ട്രെയിനുകളില്‍ കടന്നുകൂടാന്‍ പാടുപെടുകയാണ് സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ യാത്രക്കാര്‍. രാവിലെയും വൈകുന്നേരവും തൃപ്പൂണിത്തുറയില്‍നിന്ന് ട്രെയിനുകള്‍ പുറപ്പെടുന്നത് ചവിട്ടുപടിയില്വരെ യാത്രക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞാണ്.
വൈകുന്നേരം 3.50ന് എറണാകുളത്ത് എത്തുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ കോട്ടയത്തേക്ക് ദീര്‍ഘിപ്പിച്ചാല്‍ തിരക്കിന് വലിയ ആശ്വാസമാകും. ഇതേ വണ്ടി കോട്ടയത്തുനിന്ന് വൈകുന്നേരം 6.15നു പുറപ്പെട്ടാല്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറിന്റെ നിശ്ചിത സമയമായ 07.48ന് തന്നെ എറണാകുളം ടൗണില്‍ എത്തിച്ചേരാനാകും.
വൈകുന്നേരം 5.20നുശേഷം രാത്രി 9.45 നാണ് ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുള്ള അടുത്ത വണ്ടിയുള്ളത്. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ കോട്ടയത്തേക്ക് എത്തുന്നതോടെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകുമെന്നു മാത്രമല്ല കോട്ടയത്തുനിന്നു കൊല്ലത്തേക്കുള്ള മെമുവിന് കണക്ഷന് ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ തെക്കന്‍ ജില്ലകളിലേക്കുള്ള യാത്രാക്ലേശത്തിനും ആശ്വാസമാകും
എറണാകുളത്തുനിന്ന് ഉച്ചകഴിഞ്ഞ് മെമു സര്‍വീസ് വേണമെന്നത് കോട്ടയം വഴിയുള്ള യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. 1.55-ന്റെ പരശുറാമിനുശേഷം എറണാകുളം ടൗണില്‍നിന്ന് 2.32-ന്റെ വിവേക് എക്സ്പ്രസുണ്ടെങ്കിലും ദീര്‍ഘദൂര ട്രെയിനായതിനാല്‍ പല ദിവസങ്ങളിലും വൈകിയാണ് എത്തുന്നത്.
സ്റ്റോപ്പുകളും കുറവാണ്. വൈകുന്നേരം അഞ്ചിന് കേരള എക്സ്പ്രസും 5.20 നുള്ള വേണാട് എക്സ്പ്രസുമാണ് ഏക ആശ്രയം. കോട്ടയത്തുനിന്ന് 3.28നു പരശുറാം കടന്നുപോയാല്‍ ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ആശ്രയിക്കുന്നത് 5.40 നുള്ള കോട്ടയം - കൊല്ലം മെമു മാത്രമാണ്.
എറണാകുളം-ബംഗളൂരു ഇന്റര്‍ സിറ്റി, എറണാകുളം-കാരയ്ക്കല്‍, എറണാകുളം-മഡ്ഗാവ്, എറണാകുളം-പൂനെ, എറണാകുളം-ലോക്മാന്യതിലക് തുരന്തോ, പാലക്കാട്-എറണാകുളം മെമു എന്നീ ട്രെയിനുകള്‍ കോട്ടയം വരെ ദീര്‍ഘിപ്പിച്ചാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും.