തൽ സൈനിക് ക്യാമ്പ് ഫയറിംഗിൽ സുവർണ നേട്ടവുമായി അംജദ് ഹനീഫ
1591868
Monday, September 15, 2025 3:23 PM IST
അരുവിത്തുറ: ഡൽഹിയിൽ നടന്ന എൻസിസി തൽ സൈനിക് ക്യാമ്പ് ഫയറിംഗിൽ സ്വർണ മെഡൽ നേട്ടവുമായി അരുവിത്തുറ സെന്റ് ജോർജ് കോളജിലെ എൻസിസി കേഡറ്റ് അംജദ് ഹനീഫ. നൂറു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയകൾക്ക് ശേഷമാണ് തൽ സൈനിക് ക്യാമ്പിലേക്ക് കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെടുന്നത്.
ഒബ്സ്റ്റക്കിൾ ട്രെയിനിംഗ്, ഫയറിംഗ്, ജെഡിഎഫ്എസ്, ഹെൽത്ത് ആൻഡ് ഹൈജീൻ, മാപ്പിംഗ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
ഈ ക്യാമ്പ് പൂർത്തീകരിക്കുക ഏറെ ശ്രമകരമായ ദൗത്യമാണ്. ഫയറിംഗ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ മെഡൽ നേടിയ ഒമ്പതംഗ സംഘത്തിലെ മുന്നണി പോരാളിയായിരുന്നു അംജദ് ഹനീഫ.
അംജദിനെയും കോളജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. ലൈജു വർഗീസിനെയും കോളജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു.