അന്പാടിയായി നാടും നഗരവും
1591650
Sunday, September 14, 2025 11:13 PM IST
കോട്ടയം: വീഥികള്‍ നിറഞ്ഞ് ഉണ്ണിക്കണ്ണന്മാർ; രാധമാരും ഗോപികമാരും ഒപ്പം കൂടിയതോടെ നാടും നഗരവും അന്പാടിയായി മാറി. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം ജില്ലയിലെന്പാടും പങ്കാളിത്തത്താല്‍ സമ്പന്നമായി. കൃഷ്ണ, രാധ വേഷധാരികളായി കുട്ടികള്‍ എത്തിയതോടെ ആഘോഷം സജീവമായി.
ജില്ലയില്‍ 1,100 ആഘോഷങ്ങളിലായി 2000 ശോഭായാത്രകളാണ് ഇത്തവണ സംഘടിപ്പിച്ചത്. ഉച്ചകഴിഞ്ഞ് വിവിധയിടങ്ങളിലായി ആരംഭിച്ച്, പ്രധാന നഗരങ്ങളിലും ജംഗ്ഷനുകളിലും മഹാ ശോഭായാത്രയായി സംഗമിക്കുന്ന രീതിയിലായിരുന്നു ശ്രീകൃഷ്ണ ജയന്തി ആഘോഷം. ഉറിയടി, നിശ്ചല ദൃശ്യം, ഗോപികാനൃത്തം എന്നിവ ശോഭായാത്രകളുടെ മാറ്റ് വര്‍ധിപ്പിച്ചു. തിരുനക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകള്‍ കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ചപ്പോള്‍ നയനാനന്ദകരമായ കാഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന്, മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.
ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണിക്കൃഷ്ണന്, അഞ്ജു സതീഷ്, പി.ആര്. സജീവ്, ജി. രതീഷ്, സി.എന്‍. പുരുഷോത്തമന് തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ ശോഭായത്ര ഉദ്ഘാടനം ചെയ്തു.