മെഡിക്കൽ കോളജിൽ സന്ദർശക പാസിന് പുതിയ ക്രമീകരണം
1592013
Tuesday, September 16, 2025 5:53 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗീസന്ദര്ശകര്ക്ക് പുതിയ ക്രമീകരണം. ഇന്നലെ മുതല്‍ പാസ് നല്കുന്ന കൗണ്ടറില്‍ കംപ്യൂട്ടര്‍ വത്കരണം നടത്തി.
ഇനി മുതല്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികളെ കാണാന്‍ പാസെടുക്കാന്‍ ക്യൂവില്‍ നില്ക്കുന്ന സന്ദര്‍ശകര്‍ക്ക് രോഗിയുടെ പേര്, വാര്‍ഡ്, ഐപി നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം അറിഞ്ഞിരിക്കണം. പാസ് നല്കുന്ന കൗണ്ടറില്‍ സന്ദര്കരോട് രോഗിയെ സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ തിരക്കി രേഖപ്പെടുത്തിയതിന് ശേഷമേ പാസ് നല്‍കുകയുള്ളൂ.
ഒരാള്‍ക്ക് മൂന്നു പാസ് മാത്രമേ അനുവദിക്കൂ. 10 രൂപയാണ് പാസ് നിരക്ക്. ഒരു രോഗിയുടെ പേരില്‍ മൂന്ന് സന്ദര്‍ശകര്‍ വാര്‍ഡിലേക്ക് കയറിപ്പോയിക്കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ആ രോഗിയെ കാണാന്‍ വരുന്ന മറ്റു സന്ദര്‍ശകർക്ക് പാസ് നല്‍കുകയുള്ളൂ. ഉച്ചയ്ക്ക് ഒന്നര മുതല്‍ പാസ് നല്കിത്തുടങ്ങും. എന്നാല്‍ രോഗിയുടെ പേരും വാര്‍ഡും മാത്രമേ ഒട്ടുമിക്ക സന്ദര്‍ശകര്‍ക്ക് അറിയാന്‍ കഴിയൂ. ഐപി നമ്പരോ, ഫോണ്‍ നമ്പരോ മറ്റോ അറിയാന്‍ സാധിക്കില്ല.
എന്നാല്‍ ഇത്തരക്കാര്‍ക്ക് പാസ് നല്‍കില്ലെന്ന വ്യവസ്ഥ കൗണ്ടറില്‍ ഇരിക്കുന്നവരും സന്ദര്‍ശകരും തമ്മില്‍ വലിയ തര്ക്കത്തിനിടവരുത്തും. ഇന്നലെയും ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി.