ചൂട്ടുവേലിയിൽ കടയുടമ ഹരിതകർമസേനയെ അസഭ്യം പറഞ്ഞു: പ്രതിഷേധം
1592010
Tuesday, September 16, 2025 5:53 AM IST
കുമാരനല്ലൂര്‍: കോട്ടയം നഗരസഭയിലെ ഹരിതകര്മസേനാഗംഗങ്ങളെ കടയുടമ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നു പ്രതിഷേധം. കോട്ടയം നഗരസഭയിലെ കുമാരനല്ലൂര്‍ ഡിവിഷനില്‍പ്പെട്ട ചൂട്ടുവേലി എസ്എച്ച് മൗണ്ട് ഭാഗത്ത് കടയില്‍ പ്ലാസ്റ്റിക്ക് വേസ്റ്റ് ശേഖരിക്കാൻ ചെന്ന ഹരിതകര്മസേനാംഗങ്ങളെയാണ് കടയുടമ അസഭ്യം പറഞ്ഞതായി പരാതിയുള്ളത്.
പ്ലാസ്റ്റിക്ക് മാലിന്യത്തിനൊപ്പം ഇയാൾ പച്ചക്കറി മാലിന്യങ്ങളും പതിവായി നിറയ്ക്കാറുണ്ടായിരുന്നു. ഇത് പാടില്ലെന്നു ഹരിതകര്‍മ സേനാംഗങ്ങള്‍ പലതവണ മുന്നറിയിപ്പു കൊടുത്തെങ്കിലും ഇയാൾ ഇത് പാലിക്കാറില്ല. കഴിഞ്ഞ ദിവസവും ഹരിതകര്‍മസേനാംഗങ്ങള്‍ പ്ലാസ്റ്റിക്ക് എടുക്കാന്‍ ചെന്നപ്പോള്‍ മറ്റു മാലിന്യങ്ങള്‍ ഇതിന്റെ കൂടെ നിറച്ചിരിക്കുന്നതായി കണ്ടെത്തി. ഇതേക്കുറിച്ച് പറഞ്ഞതോടെ ഇയാൾ ഹരിതസേനാംഗങ്ങളെ അസഭ്യം പറയുകയായിരുന്നു. ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്സണെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് ഇന്നലെ ഹരിതകര്‍മസേനാംഗങ്ങളും ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരും ചൂട്ടുവേലിയിലെ കടയ്ക്കു മുന്നിലെത്തി പ്രതിഷേധിച്ചു. കടയുടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
എന്നാല്‍ ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു. പിന്നീട് കട അടച്ച ശേഷമാണു പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയത്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി.