ശബരി റെയില്‍ പദ്ധതി: സംസ്ഥാന ഫയലുകള്‍ ഇഴയുന്നു
1591645
Sunday, September 14, 2025 11:13 PM IST
കോട്ടയം: ശബരി റെയില്‍വേ പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന തടസം സംസ്ഥാന സര്‍ക്കാരിന്റെ നിസംഗത. സ്ഥലം ഏറ്റെടുത്തു നല്‍കിയാലുടന്‍ 2020 ഡിസംബറില്‍ പദ്ധതി മരവിപ്പിച്ച നടപടി കേന്ദ്ര റെയില്‍മന്ത്രാലയം റദ്ദാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. അടിയന്തരമായി നടപ്പാക്കേണ്ട നടപടികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലാ കളക്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.
അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി നവംബറില്‍ പുതിയ സമിതി അധികാരത്തില്‍ വരുന്നതുവരെ ശബരി നടപടികള്‍ മുടങ്ങാനിടയുണ്ട്. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അനുവദിക്കുക, നടപടിക്ക് സ്പെഷല്‍ ഓഫീസുകള്‍ തുടങ്ങുക തുടങ്ങി ഒട്ടേറെ നടപടികള്‍ പൂര്‍ത്തിയാകണം.
പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് താലൂക്കില്‍ സാമൂഹികാഘാത പഠനവും പബ്ലിക് ഹിയറിംഗും പൂര്‍ത്തിയായിട്ടുണ്ട്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ സാമൂഹികാഘാത പഠനം നടത്തിയെങ്കിലും പബ്ലിക് ഹിയറിംഗ് കഴിഞ്ഞിട്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളില്‍ ആഘാതപഠനം നടത്താനുള്ള പൊതു ഏജന്‍സിയെ ഇനിയും നിശ്ചയിച്ചിട്ടില്ല.
111 കിലോമീറ്റര്‍ പാതയ്ക്ക് വേണ്ടതു 303 ഹെക്ടർ ഭൂമി
അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്റര്‍ പാതയ്ക്ക് മൂന്നു ജില്ലകളിലായി 303 ഹെക്ടറാണ് വേണ്ടത്. 2008ല്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങിയെങ്കിലും നടപടിയുടെ പത്തു ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. ഭൂമി ഏറ്റെടുക്കാന്‍ മാത്രം 1200 കോടി രൂപയാണ് വേണ്ടത്. നിലവിലെ എസ്റ്റിമേറ്റ് അനുസരിച്ച് പദ്ധതിക്ക് 3800 കോടി രൂപ ചെലവുവരും. ഇതിന്റെ പകുതി 1900 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം എന്നതാണ് ധാരണ.
ഭൂമി ഏറ്റെടുത്തു നല്കിയാല് നിര്‍മാണം ഉടന്‍ ആരംഭിക്കാമെന്നാണു റെയില്‍വേ മന്ത്രാലയത്തിന്റെ ഉറപ്പ്. പദ്ധതിയുടെ പകുതി പണം കേന്ദ്രവും പകുതി പണം സംസ്ഥാനവും വഹിക്കുമെന്നാണ് ഇതുവരെയുള്ള ധാരണ. കോട്ടയം ജില്ലയില്‍ പിഴക് വരെ മാത്രമാണ് റവന്യു, റെയില്‍വേ സംയുക്ത സര്‍വേ നടത്തി കല്ലിട്ടു തിരിച്ച് സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കുക.
രാമപുരം മുതല്‍ എരുമേലി സ്റ്റേഷന്‍വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടന്നിട്ടുള്ളത്. ശബരിമല, എരുമേലി തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന എരുമേലി സ്റ്റേഷന് എവിടെ നിര്‍മിക്കണം എന്നതില്‍ വ്യക്തത വന്നിട്ടില്ല. എരുമേലിക്ക് മൂന്നു കിലോമീറ്റര്‍ മുന്‍പ് കൊരട്ടിയില്‍ എരുമേലി സ്റ്റേഷന് പണിയുന്നതാണ് പരിഗണനയില്‍.
ജൂലൈയില്‍ സ്ഥലം ഏറ്റെടുപ്പ് തുടങ്ങുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം. സെപ്റ്റംബര്‍ മാസം എത്തിയശേഷവും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അങ്കമാലി-ശബരി പാത വരുമ്പോള്‍ നിലവിലെ അങ്കമാലി റെയില്‍വേ സ്റ്റേഷന് ജംഗ്ഷന് സ്റ്റേഷനായി മാറും. കാലടി-നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിലാണ് കാലടി സ്റ്റേഷന്.
പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിര്‍ദിഷ്ട സ്റ്റേഷനുകള്‍. എരുമേലിയില്‍നിന്ന് ശബരിമലയിലേക്ക് 43 കിലോമീറ്റര്‍ ദൂരമുണ്ട്.