പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് ബിജെപി മാർച്ചും ധർണയും
1591897
Monday, September 15, 2025 11:45 PM IST
പൊൻകുന്നം: പിണറായി സർക്കാർ കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ക്രിമിനലുകളെ ഏൽപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്. കേരളത്തിലെ പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ ഡിവൈഎസ്പി ഓഫീസ് മാർച്ചിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പൊൻകുന്നത്തെ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു. കെവിഎംഎസ് കവലയിൽനിന്നു തുടങ്ങിയ മാർച്ച് പോലീസ് മിനി സിവിൽ സ്റ്റേഷനു മുന്നിൽ തടഞ്ഞു. മേഖലാ ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, സംസ്ഥാന സമിതിയംഗം കെ.കെ. വിപിനചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.