പെരുവ-പിറവം-പെരുവാമൂഴി റോഡിന് തുക അനുവദിച്ചു
1592020
Tuesday, September 16, 2025 5:53 AM IST
കടുത്തുരുത്തി: പെരുവ - പിറവം - പെരുവാമൂഴി റോഡ് നവീകരണത്തിനു സര്‍ക്കാര്‍ തുക അനുവദിച്ചു. റോഡ് നിര്‍മാണ പദ്ധതി റീ ടെന്‍ഡര്‍ ചെയ്തതായും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ഉന്നത നിലവാരത്തില്‍ വികസിപ്പിക്കാൻ അനുമതി നല്‍കുകയും പിന്നീട് മുടങ്ങിപ്പോവുകയും ചെയ്ത പെരുവ - പിറവം - പെരുവാമൂഴി റോഡിന്റെ നിര്‍മാണം ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്ത് എഗ്രിമെന്റ് വച്ചാലുടന്‍ നിർമാണം തുടങ്ങുമെന്ന് എംഎല്‍എ അറിയിച്ചു.
കടുത്തുരുത്തി, പിറവം മണ്ഡലങ്ങളെ ബന്ധിപ്പിച്ചുള്ള റോഡ് പദ്ധതി മുടങ്ങിയതിൽ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും യാത്രാദുരിതവും തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളും എംഎല്‍എമാരായ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് റോഡ് നിര്‍മാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചത്. പെരുവ - പിറവം - പെരുവാമൂഴി റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി മോന്‍സ് ജോസഫ് അറിയിച്ചു.
പിഡബ്ല്യുഡി, കെഎസ്പി എൻജിനിയറിംഗ് വിഭാഗവും ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സിയും സംയുക്തമായി പരിശോധിച്ചു തയാറാക്കിയ പ്രോജക്ട് പ്രകാരമാണ് നിര്‍മാണം നടപ്പാക്കുന്നത്. പെരുവ - പിറവം റോഡില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ദുര്‍ഘടാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ചു എംഎല്‍എമാര്‍ ഉന്നയിച്ച ആവശ്യത്തിനു പ്രത്യേക അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ഗൗരവമായി കണക്കിലെടുത്ത് അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യമാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുതുക്കി അനുവദിച്ചിരിക്കുന്ന മെഗാ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.