മാതാപിതാക്കളുടെ സ്മരണയ്ക്ക് 25 സ്നേഹവീടുകളുമായി ആണ്ടൂക്കുന്നേല്‍ കുടുംബാംഗങ്ങള്‍
1591902
Monday, September 15, 2025 11:45 PM IST
പാലാ: കരൂര്‍ ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുട്ടപ്പന് എന്ന കുര്യന് ചാണ്ടിയുടെയും ഭാര്യ സിസിലി യുടെയും ഓര്‍മകള്‍ ഇനി 25 സ്നേഹവീടുകളായി ഉയര്ന്നുനില്ക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ പാവപ്പെട്ട പതിനൊന്ന് കുടുംബങ്ങള്‍ക്ക് ആലയം ഒരുക്കിയിരിക്കുകയാണ് ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന് ചാണ്ടി മെമ്മോറിയല്‍ ഇന്‍ഫന്റ് ജീസസ് ചാരിറ്റബിള്‍ ട്രസ്റ്റ്.
ഇനി പതിനാല് കുടുംബങ്ങള്‍ക്കുകൂടി തലചായ്ക്കാനൊരിടം ഒരുക്കാനുള്ള ശ്രമവും ഇതോടൊപ്പം ആരംഭിക്കും. അങ്ങനെ ഇരുപത്തഞ്ച് സ്നേഹവീടുകള്‍ കരൂര്‍ വൈദ്യശാലപ്പടിയിലെ ഇന്‍ഫന്റ് ജീസസ് നഗറില്‍ ഉയരും. മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങിയാണ് ഭവനപദ്ധതി ആരംഭിച്ചത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്.
ആദ്യഘട്ടത്തില്‍ പണിതീര്‍ത്ത പതിനൊന്ന് വീടുകളുടെ വെഞ്ചരിപ്പും പുതുതായി നിര്‍മിക്കുന്ന പതിനാല് വീടുകളുടെ കല്ലിടീല്‍ ചടങ്ങും 18ന് വൈകുന്നേരം മൂന്നിന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ മാത്യു അലക്സാണ്ടര്‍ (ബോബി), സിന്ലെറ്റ് മാത്യു, അലിക് മാത്യു, ഫെലിക്സ് മാത്യു, ചാണ്ടിക്കുഞ്ഞ്, ബോണി തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രചോദനം പാലാ രൂപതയുടെ ഹോം പ്രോജക്ട്
പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്‍കൈ എടുത്ത് നടത്തുന്ന പാവങ്ങള്‍ക്കുള്ള വീട് എന്ന ഹോം പ്രോജക്ടിന്റെ പ്രചോദനത്താലാണ് തങ്ങളും കഴിയുന്നത്ര വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്ന് മാത്യു അലക്സാണ്ടര്‍ (ബോബി) പറഞ്ഞു. പാലാ രൂപതയില്‍ സ്വന്തമായി വീടുകള്‍ ഇല്ലാത്തവരായി ആരും ഉണ്ടാവരുതെന്ന് മാര്‍ കല്ലറങ്ങാട്ടുമായി സംസാരിക്കാന്‍ ഇടവന്നപ്പോള്‍ പറഞ്ഞിരുന്നു.
ജാതി-മത ഭേദമന്യേ അര്‍ഹതപ്പെട്ട പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തിയാണ് വീട് നിര്‍മിച്ച് കൊടുത്തിട്ടുള്ളത്. ഓരോ വീടിനും 15 ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം. 800 ചതുരശ്രയടിയില്‍ മൂന്നു മുറികളും ഹാളും അടുക്കളയും ബാത്ത് റൂമും ഉള്‍പ്പെടുന്നതാണ് ഓരോ വീടും.
വീടുകളുടെ വെഞ്ചരിപ്പ്, ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം, 14 വീടുകളുടെ കല്ലിടീല്‍ എന്നീ ചടങ്ങുകളില്‍ മന്ത്രിമാരായ വി.എന്‍. വാസവന്, എം.ബി. രാജേഷ്, റോഷി അഗസ്റ്റിന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസ് കെ. മാണി, മാണി സി. കാപ്പന് എംഎല്‍എ, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍, അന്ത്യാളം പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കരൂര്‍ പള്ളി വികാരി ഫാ. ഫിലിപ്പ് കുളങ്ങര എന്നിവര്‍ പങ്കെടുക്കും.
അതിഥികളായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനും വേണ്ട സഹായം നല്കാന് ട്രസ്റ്റ് മുന്നോട്ട് വരുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.