കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു
1591855
Monday, September 15, 2025 7:06 AM IST
കടുത്തുരുത്തി; കടുത്തുരുത്തി - ആപ്പൂഴ തീരദേശ റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. തകര്‍ന്നുകിടക്കുന്ന റോഡിനെ കൂടുതല്‍ തകര്ച്ചയിലാക്കിയാണ് വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടല്‍. റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്താണ് ദിവസങ്ങളായി പൈപ്പ് പൊട്ടി ജലം ഒഴുകുന്നത്. ഈ ഭാഗത്ത് ഇതു മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത്. ഇതോടെ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു.
ദിവസം ചെല്ലുന്തോറും പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ശക്തി വര്‍ധിച്ചുവരികയാണ്. ഇത് ഇനിയും വര്‍ധിച്ചാല്‍ റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകും. ഈ ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അപകടക്കെണിയാണ്. മീറ്ററുകളോളം ദൂരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കാൽനടയാത്ര പറ്റാത്ത അവസ്ഥയാണ്.
തീരദേശ റോഡിൽ സ്ഥാപിച്ച വാട്ടര്‍ അഥോറിറ്റിയുടെ പുതിയ പൈപ്പ് ലൈനില്‍ ഇതിനോടകം പല സ്ഥലത്തും പൊട്ടിയിട്ടുണ്ട്. വാട്ടര്‍ അഥോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതോടെയാണ് റോഡിന്റെ തകർച്ച തുടങ്ങിയത്.