ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനം സമാപിച്ചു
1591851
Monday, September 15, 2025 7:06 AM IST
കുമരകം: ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ ത്രിദിന ദേശീയ സമ്മേളനം ‘പൾമോകോൺ-2025’ സമാപിച്ചു. കോട്ടയം റെസ്പിറേറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടന്ന സമ്മേളനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര സമ്മേളനങ്ങളിലൊന്നായ പൾമോകോൺ ശ്വാസകോശ ചികിത്സാ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്തു. അണുബാധകൾ തടയാനുള്ള വാക്സിനുകൾ സൗജന്യമായി നൽകാൻ നടപടികളുണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അതികഠിന ആസ്ത്മ രോഗികൾക്ക് ജൈവകണികകൾ ഉപയോഗിച്ചുള്ള ചികിത്സയെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്തു. വിലയേറിയ മരുന്നുകൾ ഇൻഷ്വറൻസ് പദ്ധതികളിലുൾപ്പെടുത്തി സാധാരണ രോഗികൾക്കും ലഭ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബിരുദാന്തര ബിരുദ വിദ്യാർഥികൾക്കായി പ്രശ്നോത്തരി, ഗവേഷണങ്ങൾ ആസ്പദമാക്കിയുള്ള പ്രബന്ധാവതരണം, പോസ്റ്റർ പ്രദർശന മത്സരം, അപൂർവ കേസ് റിപ്പോർട്ട് അവതരണങ്ങൾ എന്നിവ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു.
പൾമോകോൺ-2025 ശ്വാസകോശ ചികിത്സാ ഗവേഷണ രംഗത്ത് പുതിയ ദിശാബോധം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.പി. സുകുമാരൻ, ഡോ. കുര്യൻ ഉമ്മൻ , ഡോ.പി.എസ്. ഷാജഹാൻ എന്നിവർ പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന നിർദ്ദേശങ്ങളും വിദഗ്ധർ ശുപാർശ ചെയ്യുന്ന പരിഹാര നടപടികളും ആരോഗ്യ വകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും സമർപ്പിക്കും.
അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ പുതിയ ഭാരവാഹികളായി മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ശ്വാസകോശ വിഭാഗം പ്രഫസറും മേധാവിയുമായ ഡോ.ബി. ജയപ്രകാശ് -പ്രസിഡന്റ് ( കുലശേഖരം, തമിഴ്നാട്), ഡോ. ജൂഡോ വാച്ചാപറമ്പിൽ-സെക്രട്ടറി (തൃശൂർ ), ഡോ. വിപിൻ വർക്കി-ട്രഷറർ (പാലക്കാട് ) എന്നിവരെ തെരഞ്ഞെടുത്തു.
ഡോ. കെ.പി. വേണുഗോപാൽ (കോട്ടയം), ഡോ. ദീപു എം. (കോട്ടയം), ഡോ.സി.എൻ. നഹാസ് (കൊല്ലം), ഡോ. റെജ്ന ദിൽനാഥ് (കണ്ണൂർ) എന്നിവരാണു പുതിയ ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ. ചീഫ് കോ-ഓർഡിനേറ്ററായി ഡോ.പി. സുകുമാരൻ, സംഘാടക സമിതി ചെയർമാനായി ഡോ. കുര്യൻ ഉമ്മൻ, സംഘാടക സമിതി സെക്രട്ടറിയായി ഡോ.പി.എസ്. ഷാജഹാൻ എന്നിവരെയും തെരഞ്ഞെടുത്തു.