കായികകേരള താരോദയത്തിനായി ഉഴവൂർ കോളജിൽ ടൂർണമെന്റുകൾക്കു തുടക്കം
1591889
Monday, September 15, 2025 11:45 PM IST
ഉഴവൂർ: കായികകേരളത്തിന് പുത്തൻ താരങ്ങളെ സമ്മാനിക്കാനുറപ്പിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ ഇന്റർ കൊളീജിയറ്റ് ടൂർണമെന്റുകൾക്ക് തുടക്കമായി. 19ന് സമാപിക്കും. അഞ്ചു ദിനങ്ങളിലായി പുരുഷ-വനിത ടീമുകൾക്കായി വോളിബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ മത്സരങ്ങളാണ് നടക്കുന്നത്.
മത്സരങ്ങൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. പാലാ പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്, പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, ബർസാർ ഫാ. എബിൻ എറപ്പുറത്ത്, ഡോ. ബെന്നി കുര്യാക്കോസ്, ടൂർണമെന്റ് കൺവീനർ ക്യാപ്റ്റൻ ജെയ്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
വോളിബോളിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് പത്തനാപുരം സെന്റ് സ്റ്റീഫൻസിനെയും (25-19, 25-21, 25-20) കോട്ടയം സിഎംഎസ് ആതിഥേയരായ ഉഴവൂർ സെന്റ് സ്റ്റീഫൻസിനെയും ( 25-20, 25-18, 25-14) പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസ കോളജ് വടകര എസ്എൻ കോളജിനെയും (25-23, 25-17, 25-20) ചെമ്പഴന്തി എസ്എൻ കോളജ് ചേലന്നൂർ എസ്എൻജി കോളജിനെയും (25-10, 25-12, 25-9) പരാജയപ്പെടുത്തി.