പെട്രോള്‍ പമ്പില്‍ ആക്രമണം: പ്രതികൾ പിടിയില്‍
1592021
Tuesday, September 16, 2025 5:53 AM IST
മാമ്മൂട്: പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ യുവാക്കൾ പിടിയിൽ. നിരവധി ക്രിമിനൽക്കേസുകളില്‍ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പില്‍ വിജയ്, ശാന്തിപുരം കാലായില്‍ അജിത്ത് കുമാര്‍, മാമ്മൂട് പുന്നമൂട്ടില്‍ ബിബിന്‍ ജോസഫ് എന്നിവരാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.
മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് പ്രവര്‍ത്തിച്ചുവരുന്ന പെട്രോള്‍ പമ്പിലെ ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരേയാണ് ഇവര്‍ ആക്രമണം നടത്തിയത്.
പെട്രോള്‍ അടിക്കാന്‍ എത്തിയ പ്രതികളുടെ വാഹനത്തിന്റെ പെട്രോള്‍ ടാങ്കിന് അടപ്പില്ല എന്ന് ഉടമ പറയുകയും തുടര്‍ന്ന് ഒരു പ്രകോപനമില്ലാതെ വിപിന്‍ വണ്ടിയില്‍ നിന്നിറങ്ങി ചീത്തവിളിച്ചുകൊണ്ടു അവിടെ കിടന്നിരുന്ന ഒരു കല്ലെടുത്ത് പമ്പുടമയുടെ തലയുടെ പുറകില്‍ ഇടിക്കുകയായിരുന്നു ഉടനെ ജീവന് രക്ഷാര്ഥം ഓഫീസിലേക്ക് കയറിപ്പോയ പമ്പ് ഉടമയുടെ പുറകെ പ്രതിയോടൊപ്പം വണ്ടിയില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍കൂടി വാനില്‍നിന്ന് ഇറങ്ങിവന്ന് ഓഫീസിലേക്ക് ഓടിക്കയറുകയും സ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്‍ ചവിട്ടി പൊട്ടിച്ച് ഓഫീസിനുള്ളില്‍ കയറി പമ്പ് ഉടമയെയും ഭാര്യാ പിതാവിനെയും മര്‍ദിക്കുകയുമാണുണ്ടായത്
. തുടര്‍ന്ന് പമ്പ് ഉടമ പോലീസ് സ്റ്റേഷനിലറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം പ്രതികളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.