ഉഴവൂർ കോളജിന്റെ വോളിബോൾ പെരുമയ്ക്ക് മൂന്നര പതിറ്റാണ്ടിന്റെ തികവ്
1591634
Sunday, September 14, 2025 11:13 PM IST
കുറവിലങ്ങാട്: കായികലോകത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിന്റെ വോളിബോൾ പെരുമയ്ക്ക് മൂന്നര പതിറ്റാണ്ടിന്റെ തികവ്. ദ്രോണാചാര്യ പ്രഫ. സണ്ണി തോമസടക്കം രാജ്യത്തിനകത്തും പുറത്തുമായി കോളജിന്റെ കായികക്കരുത്ത് അറിയിച്ച അനേകം പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞ അഭിമാനത്തിലാണ് അറുപതാണ്ട് പിന്നിട്ട സെന്റ് സ്റ്റീഫൻസ് കോളജ്.
കോളജിന്റെ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപത അധ്യക്ഷനുമായിരുന്ന മാർ തോമസ് തറയിലിന്റെ അനുസ്മരണാർഥം ആൺകുട്ടികൾക്കായി ആരംഭിച്ച വോളിബോൾ ടൂർണമെന്റാണ് ഇക്കുറി 35 വയസ് പിന്നിടുന്നത്. മാർ തോമസ് തറയിൽ ടൂർണമെന്റിന് തൊട്ടടുത്ത വർഷം കോളജ് പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ഗൊരേത്തിയുടെ സ്മരണാർഥം ആരംഭിച്ച വനിതാ വോളി 34 വർഷത്തിലെത്തി.
ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി പൗരോഹിത്യ സുവർണ ജൂബിലിയിൽ ആരംഭിച്ച ഫുട്ബോളും കോളജിന്റെ ഗോൾഡൻ ജൂബിലി സ്മാരകമായി ആരംഭിച്ച ബാഡ്മിന്റൺ ടൂർണമെന്റുമൊക്കെ കോളജിന്റെ കായികരംഗത്തെ മുന്നേറ്റവും പോഷണവും വിളിച്ചറിയിക്കുന്നുണ്ട്.