അരനൂറ്റാണ്ടിന്റെ ഓർമകൾ അയവിറക്കി പെൻഷനേഴ്സ് വീണ്ടും സ്കൂളിലെത്തി
1591890
Monday, September 15, 2025 11:45 PM IST
കുറവിലങ്ങാട്: അരനൂറ്റാണ്ടിനു ശേഷം പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് കടന്നെത്തിയ പെൻഷനേഴ്സെല്ലാം പഴയ കൗമാരക്കാരായി മാറി. പൂർവവിദ്യാർഥീ സംഗമത്തിനെത്തിയ അധ്യാപകരാകട്ടെ മക്കളെപ്പോലെ അരികിലിരുത്തി അവരെ കേൾക്കാൻ വലിയ താത്പര്യത്തിലുമായിരുന്നു.
കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് 1974-75 ബാച്ച് എഫ് ഡിവിഷനിലെ എസ്എസ്എൽസി വിദ്യാർഥികളുടെ സംഗമം നടന്നത്.
സ്കൂളിനായി തന്റെ സ്ഥലം സംഭാവന ചെയ്ത ചേന്നാത്തമ്മയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമായിരുന്ന സംഗമം ആരംഭിച്ചത്. ഒത്തുചേരലിൽ 21 പൂർവ വിദ്യാർഥികളും ഒൻപത് അധ്യാപകരും പങ്കെടുത്തു. മുതിർന്ന അധ്യാപകൻ പി.ഡി. കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മൺമറഞ്ഞ അധ്യാപകരെയും സഹപാഠികളെയും സംഗമത്തിനെത്തിയവർ അനുസ്മരിച്ചു.
അധ്യാപികരായ ഡി. പാർവതി അമ്മ, സി.സി. ജയിംസ്, കെ.ആർ. വിശ്വനാഥൻ, വിദ്യാർഥി പ്രതിനിധി ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു. എൻ.എൻ. രവീന്ദ്രനാഥനും എൻ.പി. സുലോചനയും എം.എസ്. സോമനും തങ്ങൾ രചിച്ച കവിതകൾ ആലപിച്ചു.
ഓർമകളുടെ വേലിയേറ്റത്തിൽ പങ്കെടുക്കാനായത് വലിയ ഭാഗ്യമാണെന്ന് അധ്യാപകരും വിദ്യാർഥികളും അഭിപ്രായപ്പെട്ടു.