കെ.എം. മാണി കാന്‍സര്‍ സെന്ററിന് നാളെ ശിലാസ്ഥാപനം
1591878
Monday, September 15, 2025 10:36 PM IST
പാലാ: കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തോട് അനുബന്ധിച്ചു നിര്‍മിക്കുന്ന കെ.എം. മാണി കാന്‍സര്‍ സെന്ററിനായുള്ള കെട്ടിട നിര്‍മാണത്തിനു നാളെ ശിലാസ്ഥാപനം നടത്തും. ജോസ് കെ. മാണിയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്നു 2.50 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്.
കാന്‍സര്‍ ചികിത്സയ്ക്കായുള്ള റേഡിയേഷന് ചികിത്സ കൂടി ഇവിടെ ലഭ്യമാക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിനു കീഴില്‍ നിലവില്‍ വയനാട്ടിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മാത്രമാണ് റേഡിയേഷന് ചികിത്സയുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലയില്‍നിന്നു തിരുവനന്തപുരം ആര്‍സിസിയിലേക്കു പോകുന്നതു പരമാവധി ഒഴിവാക്കാണ് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആശുപത്രിയിലെ കാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായി രോഗികള്‍ക്കു ലഭ്യമാക്കുന്നുണ്ട്.
റേഡിയേഷന് ഓങ്കോളജി ബ്ലോക്കിന് ജോസ് കെ. മാണി എംപി നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു ശിലാസ്ഥാപനം നടത്തും. നഗരസഭാ ചെയര്‍പേഴ്സണ്‍ തോമസ് പീറ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ എന്നിവരും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുക്കും.