റെയില്‍വേ ജംഗ്ഷന് ഫ്ളൈഓവര്‍: കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്
1591861
Monday, September 15, 2025 7:17 AM IST
ഒക്ടോബറില്‍ നിര്‍മാണമാരംഭിക്കും
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസിലെ റെയില്‍വേ ജംഗ്ഷന് ഫ്ളൈഓവര്‍ നിര്‍മാണത്തിനു പച്ചക്കൊടി. ഒക്ടോബര്‍ മധ്യത്തോടെ നിര്‍മാണ ജോലികള്‍ തുടങ്ങാന്‍ തീരുമാനം. 85.68 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണ ജോലികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി ഏറ്റെടുത്തു.
നിര്‍മാണം നടക്കുന്ന പ്രദേശത്തെ 142 പാഴ്മരങ്ങള്‍ മുറിച്ചു നീക്കുന്നതിനുള്ള നടപടികള്‍ക്കായി ഈയാഴ്ച ട്രീ കമ്മിറ്റി യോഗം ചേരും. നേരത്തേ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 62.11 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. ഡിഎസ്ആര്‍, ചരക്ക് സേവന നികുതി, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, സ്പാനുകളുടെ സാങ്കേതിക വ്യതിയാനം തുടങ്ങിയ കാരണങ്ങളാലാണ് പദ്ധതി ച്ചെലവ് 62.11 കോടി രൂപയില്‍നിന്ന് 85.68 കോടി രൂപയായി ഉയര്‍ത്തിയത്.
ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടലിലാണ് അടങ്കല്‍ തുക പുതുക്കി ഉത്തരവായത്. കിഫ്ബിയില്‍ നിന്നാണ് പദ്ധതിക്കുള്ള തുക അനുവദിച്ചത്.
നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകും
ഫ്ളൈഓവര്‍ നിര്‍മാണത്തിലൂടെ ചങ്ങനാശേരി ബൈപാസും ചങ്ങനാശേരി-വാഴൂര്‍ റോഡും സംഗമിക്കുന്ന റെയിൽവേ ജംഗ്ഷനിലെ വാഹനത്തിരക്കും ഗതാഗത തടസങ്ങളും പരിഹരിക്കപ്പെടും. എന്‍എച്ച് 183 (എംസി റോഡില്‍) ളായിക്കാട് ജംഗ്ഷനിലാരംഭിച്ച് എസ്എച്ച് ജംഗ്ഷന്, റെയില്വേസ്റ്റേഷന്, മോര്‍ക്കുളങ്ങര വഴി എന്‍എച്ച് 183 (എംസി റോഡില്‍) പാലാത്രച്ചിറയില്‍ എത്തിച്ചേരുന്ന ബൈപാസില്‍ ഫ്ളൈഓവര്‍ വരുന്നതോടെ യാത്രയ്ക്ക് വേഗതകൂടും.
ജോബ് മൈക്കിള്‍ എംഎല്‍എ
1060 മീറ്റര്‍ നീളം, 9 മീറ്റര്‍ വീതി, ഇരുവശങ്ങളിലും 8 മീറ്റര്‍ വീതിയില്‍ 1265 മീറ്റര്‍ സര്‍വീസ് റോഡ്
റെയില്‍വേ സ്റ്റേഷനു സമീപത്താരംഭിച്ച് കാന്താരി റെസ്റ്ററന്റിനു സമീപം അവസാനിക്കുന്ന ഫ്ളൈഓവറിന്റെ ആകെ നീളം 1060 മീറ്ററും വീതി ഒമ്പതു മീറ്ററുമാണ്.
കോട്ടയം സൈഡിലെ അപ്രോച്ച് റോഡിനു 290 മീറ്ററും, തിരുവല്ല സൈഡിന് 140 മീറ്ററുമാണ്.
വ്യാപാരികള്‍ക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എട്ടുമീറ്റര്‍ വീതിയിൽ 1265 മീറ്റര്‍ സര്‍വീസ് റോഡ് രണ്ടു വശങ്ങളിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് മൂന്ന് ബോക്സ് കലുങ്കുകള്‍, 590 മീറ്റര്‍ സംരക്ഷണ ഭിത്തി, 267 സോഡിയം വേപ്പര്‍ ലൈറ്റുകള്‍, 184 സോളാര്‍ എല്‍ഇഡി ലൈറ്റുകള്‍, റോഡ് സേഫ്റ്റി നടപടികള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്.
സ്ഥലമേറ്റെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കി ഭൂവുടമകള്‍ക്ക് സ്ഥലത്തിന്റെ വില നല്‍കുകയും ചെയ്തിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് ഫ്ളൈഓവര്‍ നിര്‍മാണം.