ക്രിസ്ത്യന്‍ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന്
1592016
Tuesday, September 16, 2025 5:53 AM IST
കടുത്തുരുത്തി: അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് മേഖലയോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് പിതൃവേദി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ നിയമനം ലഭിച്ചിട്ടുള്ള അധ്യാപകരുടെ നിയമന അംഗീകാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണ്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ എന്‍എസ്എസ് മാനേജ്മെന്റ് സുപ്രീംകോടതയില്നിന്നു നേടിയിട്ടുള്ള വിധിന്യായത്തില്‍ സമാനസ്വഭാവമുള്ള എല്ലാ മാനേജ്മെന്റുകള്‍ക്കും ഉത്തരവ് ബാധകമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യത്തില്‍ വിവേചനം കാണിക്കുന്നുവെന്നു യോഗം അഭിപ്രായപ്പെട്ടു.
ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫ്രാന്‍സിസ് തൂമ്പുങ്കല്‍, മാത്യു പൈലോ കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.