റബർ കർഷകരുടെ കണ്ണീരൊപ്പാൻ തറവില എന്ന തറവേല
1480325
Tuesday, November 19, 2024 7:31 AM IST
സ്വന്തം ലേഖകൻ
പെരുമ്പടവ്: രാഷ്ട്രീയ പാർട്ടികളിലെ പ്രകടനപത്രികയിൽ മാത്രം ഒതുങ്ങുന്ന ഒന്നാണ് റബറിന്റെ തറവില. അധികാരത്തിലേറിയാൽ ഈ വില വെറും " തറവേല'യായി അവശേഷിപ്പിക്കുന്നു. തുച്ഛമായ വിലയ്ക്കുവേണ്ടി പോരാട്ടം നടത്തുന്ന റബർ കർഷകരുടെ കണ്ണീർ മാറിമാറി വരുന്ന സർക്കാരുകൾ കാണുന്നില്ലെന്നത് യാഥാർഥ്യമാണ്. സബ്സിഡി തുകയിൽ നല്കുന്ന തുച്ഛമായ വർധനകൊണ്ടുമാത്രം കർഷകരുടെ കണ്ണീരൊപ്പാൻ സാധിക്കില്ല. തങ്ങളുടെ അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം മാത്രമാണ് റബർ കർഷകർ ചോദിക്കുന്നത്. ജീവൻ പണയം വച്ചുകൊണ്ടുള്ള പോരാട്ടമാണ് ഓരോ ദിവസവും ചെറുകിട റബർ കർഷകർ നടത്തുന്നത്.
പുലർച്ചെ തുടങ്ങുന്ന അധ്വാനം
300 റബർ ടാപ്പ് ചെയ്യാനുള്ള ഒരു കർഷൻ പുലർച്ചെ 3.30ന് ഉറക്കത്തിൽനിന്ന് ഉണർന്നാൽ പിന്നെ വിശ്രമമില്ലാത്ത ഓട്ടമാണ്. പണി തീരുന്നതുവരെ ഭക്ഷണം കഴിക്കാൻപോലും സമയം കണ്ടെത്താൻ സാധിക്കുന്നില്ല. എഴുന്നേറ്റ് ഉറക്കത്തിൽനിന്നും ഉണർന്ന ഉടനെ തോട്ടത്തിലെത്താനുള്ള ആകുലതയാണ്. 4.30ന് എങ്കിലും തോട്ടത്തിൽ എത്തിയാൽ 300 മരം ടാപ്പ് ചെയ്തു കഴിയുമ്പോൾ 6.30 എങ്കിലുമാകും. ഇതിലും താമസിച്ച് റബർ ടാപ്പിംഗിന് പോയാൽ വെയിലിന്റെ ചൂടുകാരണം ക്ഷീണംവന്ന് പണി മന്ദഗതിയിലാകും. കൂടാതെ ഉത്പാദനത്തേയും ബാധിക്കും.
ടാപ്പിംഗ് കഴിഞ്ഞ ഉടനെ തന്നെ ഭക്ഷണമോ വെള്ളമോ കുടിക്കാൻ പോലും സമയം കണ്ടെത്താതെയാണ് റബർ പാൽ ശേഖരിക്കാൻ തുടങ്ങുക. റബർ പാൽ എടുത്തുകഴിയുമ്പോൾ എട്ടു മണിയെങ്കിലുമാകും. പിന്നീട് റബർ പാൽ സംസ്കരണശാലയിൽ എത്തിക്കാനുള്ള തിടുക്കത്തിലാണ്. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ കൊണ്ടാണ് റബർപാൽ സംസ്കരണശാലയിൽ എത്തിക്കാൻ കഴിയുക.
ഇതിനുശേഷം സംസ്കരണശാലയിൽ എത്തിയ റബർ പാൽ സംസ്കരിക്കുന്നതിന് ഏകദേശം ഒന്നൊന്നര മണിക്കൂർ വേണ്ടിവരും. ഇതു കഴിഞ്ഞാൽ മാത്രമാണ് കർഷകന് ചെറിയൊരു ഇടവേള ലഭിക്കുന്നത്. പിന്നീട് സംസ്കരിച്ച റബർ പാൽ ഷീറ്റാക്കി അടിച്ചെടുക്കുന്നതിന് വീണ്ടും ഒന്നര രണ്ടു മണിക്കൂർ ആവശ്യമായി വരുന്നു. ശേഷം റബർ ഷീറ്റ് പുകപ്പുരയിൽ കയറ്റുന്നതിനും മറ്റുമായി വീണ്ടും ഒരു മണിക്കൂറോളം ചെലവഴിക്കണം. ഇത്തരത്തിൽ സമയം ക്രമീകരിക്കുമ്പോഴും 300 റബർ ടാപ്പ് ചെയ്യാനുള്ള ഒരു കർഷകൻ പുലർച്ചെ 3.30ന് ഉറക്കത്തിൽനിന്ന് എഴുന്നേറ്റാലും ടാപ്പിംഗ് ജോലികൾ അവസാനിക്കുമ്പോൾ വൈകുന്നേരം നാലെങ്കിലുമാകും. ഭക്ഷണത്തിനും കുടിവെള്ളത്തിനും പോലും സമയം കണ്ടെത്താൻ കഴിയാതെ 12 മണിക്കൂർ സമയം കാട്ടുമൃഗങ്ങളെ ഉൾപ്പെടെ പേടിച്ച് ജീവൻ പണയംവച്ച് പണിയെടുത്താലും കിട്ടുന്നത് തുച്ഛമായ വരുമാനമാണ്.
എന്നാൽ മറ്റു കൂലിപ്പണിക്ക് പോയാൽ രാവിലെ 8.30 ന് എത്തിയാൽ വന്ന പാടെ ചായ. സാധാരണ കൂലിപ്പണിക്കാരേക്കാൾ ഇരട്ടി സമയം വിശ്രമമില്ലാതെ പണിയെടുക്കുന്ന റബർ കർഷകനെ സംബന്ധിച്ചിടത്തോളം 750 രൂപയുടെ വേതനമാണ് ഒരു ദിവസം ലഭിക്കുക. സാധാരണ കൂലിപ്പണിക്ക് 1200 വരെയാണ് ഇപ്പോൾ കൂലി.
റബർ ടാപ്പിംഗ് തൊഴിലുറപ്പിലാക്കണം
സണ്ണി പുല്ലുവേലിൽ (കർഷകൻ)
ഒരു ഉപകാരവും ഇല്ലാത്ത പല ജോലികളും തൊഴിലുറപ്പിൽപ്പെടുത്തുമ്പോൾ റബർ ടാപ്പിംഗ് തൊഴിലുറപ്പിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം ഇതു വലിയ ആശ്വാസമാകും. അതോടൊപ്പം സർക്കാർ താങ്ങുവിലയായി നൽകുമെന്ന് പറഞ്ഞ 250 രൂപ റബറിന് അടിസ്ഥാന വില നിശ്ചയിക്കണം. റബർ കർഷകർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷയും നൽകണം.