സീപ്ലെയിന്‍ പദ്ധതി: മൂന്നു പുഴകള്‍ പരിഗണനയില്‍
1480329
Tuesday, November 19, 2024 7:31 AM IST
കാസര്‍ഗോഡ്: സീപ്ലെയിൻ പറന്നിറങ്ങുന്നതിനുള്ള വാട്ടര്‍ ഡ്രോം സ്ഥാപിക്കുന്നതിന് ജില്ലയിലെ മൂന്നു പുഴകള്‍ പരിഗണനാ ലിസ്റ്റില്‍. ബേക്കല്‍ ടൂറിസം വികസനത്തിനു വേണ്ടി ജില്ലയില്‍ അനുവദിക്കുന്ന പദ്ധതിയില്‍ തേജസ്വിനി, ചിത്താരി, ബേക്കല്‍ എന്നീ പുഴകളിലൊന്നിലാവും സീപ്ലെയിനുകള് പറന്നിറങ്ങാനും ഉയരാനുമുള്ള വിമാനത്താവളമായ വാട്ടര്‍ ഡ്രോം സ്ഥാപിക്കുക. ഇതു സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ ബിആര്‍ഡിസിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കാനുദ്ദേശിച്ച സീപ്ലെയിൻ പദ്ധതിയുടെ വാട്ടര്‍ ഡ്രോം സ്ഥഥാപിച്ചത് തേജസ്വിനി പുഴയില്‍ കോട്ടപ്പുറം പഴയ ബോട്ട് ടെര്‍മിനലിനു സമീപത്തായിരുന്നു. പിന്നീട് ഇത് മുടങ്ങി സജീകരണങ്ങള്‍ നശിച്ചു. പുഴകളിലെ ജലനിരപ്പ് മാനദണ്ഡമാകും നേരത്തേ സീപ്ലെയിൻ പദ്ധതിയുടെ വാട്ടര്‍ ഡ്രോം സ്ഥാപിച്ച കോട്ടപ്പുറത്തു തന്നെയാണ് പദ്ധതിക്ക് സാധ്യത അല്പം കൂടുതല്‍. എന്നാല്‍ പഞ്ചനക്ഷത്ര റിസോര്‍ട്ടുകളിലേക്കുള്ള ടൂറിസ്റ്റുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നതിനാല്‍
റിസോര്‍ട്ടുകളോട് സാമീപ്യമുള്ള സ്ഥലങ്ങളാണ് ഗുണകരം എന്ന അഭിപ്രായമുണ്ട്. ഇതു പ്രകാരമാണ് ചിത്താരി, ബേക്കല്‍ പുഴകളില്‍ വാട്ടര്‍ ഡ്രോം സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുന്നത്. അതേ സമയം ഈ പുഴകളില്‍ ജലനിരപ്പും ഒഴുക്കും പല സമയത്ത് പല രീതിയിലാണ് എന്നത് വെല്ലുവിളിയാവുമോ എന്നതും പരിശോധിക്കണം.
ഇതിനു വ്യക്തമായ സാങ്കേതിക പഠനം ആവശ്യമാണെന്നും അതിനു ശേഷമേ അന്തിമ തീരുമാനങ്ങളാവുകയുള്ളു എന്നും ബിആര്‍ഡിസി എംഡി ഷിജിന് പറമ്പത്ത് പറഞ്ഞു. പുഴയിലെ ചെളിയുടെ സ്ഥിതിയും പരിശോധിക്കും. ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ലൊക്കേഷനായി വളരുന്ന ബേക്കലിന് സീപ്ലെയിൻ പദ്ധതി ഗുണകരമാവുമെന്നാണ് പ്രതീക്ഷ.
ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഗുണഭോക്തൃപഞ്ചായത്തുകള് ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂര്‍ എന്നിവയാണ്. ഇതില്‍ ഉദുമ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് മൂന്നു പഞ്ചനക്ഷത്ര റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത്. നീലേശ്വരം കോട്ടപ്പുറത്ത് വാട്ടര്‍ ഡ്രോം സ്ഥാപിച്ചാല്‍ ഇവിടെ ഇറങ്ങുന്ന ടൂറിസ്റ്റുകള്‍ പിന്നീട് റോഡ് വഴി ഏറെ ദൂരം സഞ്ചരിച്ചു വേണം റിസോര്‍ട്ടുകളിലെത്താന്‍. ഇത് ഒഴിവാക്കാനാവും എന്നതാണ് ബേക്കല്‍ പുഴയോ ചിത്താരി പുഴയോ വാട്ടര്‍ ഡ്രോം സ്ഥാപിക്കുന്നതിന് തെരഞ്ഞെടുത്താലുള്ള പ്രയോജനം.
സീപ്ലെയിൻ പദ്ധതി കാസര്‍ഗോഡ് വരുന്നതിനെ ബേക്കലിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പദ്ധതിയില്‍ ഈ റിസോര്‍ട്ടുകളുടെ നിക്ഷേപം ലഭ്യമാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
അഞ്ച് എയര്‍പോര്‍ട്ടിലേക്ക് ബേക്കലിന്റെ കണക്ടിവിറ്റി കൂടും. സമീപത്തെ മംഗളുരു, കണ്ണൂര്‍, മൈസുരു തുടങ്ങിയ വലിയ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്ക് സീപ്ലെയിനിൽ കയറി ബേക്കല്‍ ഡെസ്റ്റിനേഷനിലേക്ക് എളുപ്പത്തില്‍ എത്താം എന്നതാണ് പദ്ധതിയുടെ ആകര്‍ഷണീയത.
ബേക്കലില്‍ ആഡംബര വിവാഹങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്നവര്‍ക്ക് സീസീപ്ലെയിനിന്റെ ചാര്‍ജ് ഒരു പ്രശ്നമാവില്ല എന്നാണ് കരുതുന്നത്. ധാരാളം ചാര്‍ട്ടേഡ് വിമാനങ്ങളെത്തുന്ന ഗോവ വിമാനത്താവളവുമായും ബേക്കലിലെ ഭാവിയില്‍ ബന്ധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കാവുന്നതാണ്.