കാട്ടുപന്നിക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ചു
1480536
Wednesday, November 20, 2024 6:23 AM IST
ഇരിട്ടി: കാട്ടുപന്നിക്കൂട്ടം വാഴത്തോട്ടവും ഇടവിളയായ കപ്പയും നശിപ്പിച്ചു. ഇരിട്ടി പെരുവംപറന്പിലെ വാഴകർഷകനായ ജോണി യോയാക്കിന്റെ 200 ഓളം നേന്ത്രവാഴയും ഇടവിളയായുള്ള 100 മൂട് കപ്പയുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോണി പാട്ടത്തിനെടുത്ത് കൃഷിചെയ്തു വരുന്ന ഒന്നര ഏക്കർ സ്ഥലത്തെ രണ്ടുമാസം പ്രായമായ വാഴകളാണ് പന്നി നശിപ്പിച്ചത്. കൃഷി ഇൻഷ്വറൻസ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നതിനിടയിലാണ് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് കാട്ടുപന്നികൾ ജോണിയുടെ കൃഷിയിടത്തിൽ നാശം വിതക്കുന്നത്.
പന്നികളുടെ ഉപദ്രവം തടയാൻ കമ്പിവേലി ഇട്ടിട്ടുണ്ടെങ്കിലും വേലിക്ക് അടിയിലൂടെ ചെറിയ പന്നികളാണ് കൃഷിയിടത്തിൽ കയറി നാശം വിതച്ചത്. ദീർഘകാലം പ്രവാസി ആയിരുന്ന ജോണി തിരികെ നാട്ടിലെത്തിയ ശേഷമാണ് വാഴ കൃഷിയിലേക്ക് തിരിയുന്നത്. കഴിഞ്ഞ സീസണിൽ കാലാവസ്ഥ വ്യതിയാനം മൂലം ജോണിക്ക് കനത്ത നഷ്ടം സംഭവച്ചിരുന്നു. ഇതോടെ ബാങ്കിലെ ലോൺ തിരിച്ചടവ് ഉൾപ്പെടെ മുടങ്ങുന്ന സഹചര്യമാണെന്ന് ജോണി പറഞ്ഞു. വനം വകുപ്പിൽ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നഷ്ടപരിഹാരം ഒന്നും ലഭിക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
സമീപത്തെ വീടുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. സ്വന്തമായി ഭൂമിയും കൃഷി ചെയ്യാൻ താത്പര്യവുമുണ്ടെങ്കിലും പന്നി ശല്യം കാരണം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശത്തെ താമസക്കാരായ ലത, പുഷ്പവല്ലി, വിജയരാജൻ , കനകവല്ലി, പ്രമോദ് , വത്സൻ എന്നിവർ പറഞ്ഞു. പുരയിടത്തിന് ചുറ്റും പഴയ തുണികൾ കൊണ്ട് വേലികെട്ടി പന്നികളുടെ വരവ് തടയാൻ ശ്രമിച്ചുട്ടും ഫലമുണ്ടായില്ലെന്നും ഇതോടെ കൃഷി നിർത്തുകയുമായിരുന്നു. ഇപ്പോൾ കന്നുകാലികളെ വളർത്തിയാണ് ഉപജീവനമാർഗം നടത്തുന്നതെന്ന് ഇവർ പറഞ്ഞു.f