ആറളം ഫാം പങ്കാളിത്ത കൂൺ കൃഷി വൻവിജയം
1479896
Sunday, November 17, 2024 8:00 AM IST
ഇരിട്ടി: ആറളം ഫാം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന കൂൺ കൃഷിയുടെ വിളവെടുപ്പ് നടത്തി. ആറളം ഗ്രാമമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഫാം ഡയറക്ടർ സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി അധ്യക്ഷത വഹച്ചു. 33 ലക്ഷം രൂപയാണ് കൂൺകൃഷിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉൾപ്പെടെ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
കൂൺകൃഷിയിൽ പങ്കാളിത്ത കൃഷിക്കായി മൺസൂൺ മഷ്റൂം കമ്പനിയുമായാണ് ഫാം ധാരണാ പത്രം ഒപ്പുവച്ചിരിക്കുന്നത്. കുറഞ്ഞ മുതൽമുടക്കിൽ ഏറ്റവും കുറഞ്ഞ സമയത്ത് വരുമാനം ലഭിക്കുന്ന കൃഷികളിലൊന്നാണ് കൂൺ കൃഷി. ഫാമിന്റെ പ്രവർത്തനം ആരംഭിച്ച് 25 ദിവസത്തിനുള്ളിൽ വരുമാനം ലഭിക്കും എന്നതാണ് കൂൺകൃഷിയുടെ പ്രത്യേകത. 500 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഒരു ഫാമിന്റെ ഏകദേശ ചെലവ് ഏഴു ലക്ഷം രൂപയോളം വരും. ഇങ്ങനെ നിർമിക്കുന്ന ഹൈടെക് ഫാമിൽ നിന്ന് പ്രതിവർഷം4000 മുതൽ 5000 വരെ കിലോഗ്രാം കൂൺ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ട്രാക്ടർ മിലേനിയം അവാർഡ് ജേതാവുകൂടിയായ സംരംഭകൻ രാഹുൽ ഗോവിന്ദ് പറയുന്നു.
ഒരു കിലോ കൂണിന് 400 രൂപയാണ് മാർക്കറ്റിൽ ലഭിക്കുന്ന വില. ഇത്തരത്തിൽ അഞ്ച് ഫാമുകളാണ് പദ്ധതിയിലുള്ളത്. ആദ്യഘട്ടത്തിൽ ഒരു ഫാമിന്റെ നിർമാണം പൂർത്തിയായി. ഔദ്യോഗിക വിളവെടുപ്പ് ഉദ്ഘാടനമാണ് നടന്നത്. വിളവെടുപ്പ് ആരംഭിച്ച ഫാമിൽ നിന്ന് 86,000 രൂപയുടെ കൂൺ വിറ്റുകഴിഞ്ഞതായി സംരംഭകർ പറയുന്നു. 1500 കൂൺ ബെഡുകളാണ് ഇപ്പോൾ ഫാമിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത് . 500 ചതുരശ്രയടി ഫാമിൽ 2500 ബെഡ് വരെ സ്ഥാപിക്കാൻ കഴിയും.
പുനരധിവാസ മേഖലയിൽ നിന്നുള്ള നാലുപേരാണ് ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നത്.
കൂടാതെ താത്പര്യമുള്ളവർക്ക് കൂൺ വില്പനയിൽ പരോക്ഷമായി ജോലി സാധ്യതയും നിലനിൽക്കുന്നുണ്ട്. സ്ത്രീകൾക്ക് ഉൾപ്പെടെ കമ്മീഷൻ വ്യവസ്ഥയിൽ കൂൺ വില്പന നടത്താനുള്ള അവസരവും സംരംഭകർ ഒരുക്കുന്നുണ്ട്. ആറളം ഫാമിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി. ജയരാജ് , ഫാം അഡ്മിനിസ്ട്രേറ്റർ ഡോ. കെ.പി. നിധീഷ് കുമാർ, ടി.പി. പ്രേമരാജൻ, സംരംഭകൻ രാഹുൽ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു .