ജയിൽ ജീവനക്കാരുടെ ഉത്തര മേഖലാ സ്പോർട്സ് മീറ്റ് നവംബർ 21 മുതൽ
1480326
Tuesday, November 19, 2024 7:31 AM IST
കണ്ണൂർ: ജയിൽ ജീവനക്കാരുടെ രണ്ടാമത് ഉത്തര മേഖലാ സ്പോർട്സ് മീറ്റ് നവംബർ 21 മുതൽ 23 വരെ കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം പരേഡ് ഗ്രൗണ്ടിൽ നടക്കും. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറു ജില്ലകളിൽനിന്നുള്ള 500 ഓളം ജീവനക്കാരാണ് മീറ്റിൽ പങ്കെടുക്കുന്നത്. മാനസിക സംഘർഷം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജയിൽ ജീവനക്കാർക്ക് ആരോഗ്യമുള്ള മനസും ശരീരവും വാർത്തെടുക്കുക എന്നതാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ ഉദ്ദേശം. "ഗജ്ജു" എന്നു നാമകരണം ചെയ്ത മേളയുടെ ഭാഗ്യചിഹ്നം സിനിമാതാരം നിഖില വിമൽ പ്രകാശനം ചെയ്തു.
തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. ജയകുമാർ, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണു, റീജണൽ വെൽഫയർ ഓഫീസർ കെ. ശിവപ്രസാദ്, അസിസ്റ്റന്റ് സൂപ്രണ്ട് പി.ടി. സന്തോഷ് എന്നിവർ പങ്കെടുത്തു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും കുഞv്ഞിനെയും രക്ഷിച്ച ആനയെ പ്രതീകാത്മകമായി അവതരിപ്പിച്ച് ദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഭാഗ്യചിഹ്നം രൂപപ്പെടുത്തിയിട്ടുള്ളത്.
കണ്ണൂർ സെൻട്രൽ പ്രിസണിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.കെ. ഷിനോജാണ് ഭാഗ്യചിഹ്നം ഡിസൈൻ ചെയ്തത്.
ഉത്തരമേഖലാ പ്രിസൺ മീറ്റിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം നാളെ വൈകുന്നേരം നാലിന് ജയിൽ നോർത്ത് സോൺ ഡിഐജി ബി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇത്തവണ സംസ്ഥാന ജയിൽ ജീവനക്കാരുടെ കായികമേള തിരുവനന്തപുരത്ത് നടക്കുന്നതിന്റെ മുന്നോടിയായാണ് മേഖലാ കായികമേള നടക്കുന്നത്.