ഉത്തരമലബാർ ജലോത്സവം : അഴീക്കോടൻ അച്ചാംതുരുത്തിക്ക് കിരീടം
1480327
Tuesday, November 19, 2024 7:31 AM IST
ചെറുവത്തൂർ: അവസാനനിമിഷവും തുടർന്ന അനിശ്ചിതത്വത്തിനൊടുവിൽ രണ്ടുഘട്ടങ്ങളിലായി പൂർത്തിയായ ഉത്തരമലബാർ ജലോത്സവത്തിൽ അഴീക്കോടൻ അച്ചാംതുരുത്തി ടീം മഹാത്മാഗാന്ധി ട്രോഫി സ്വന്തമാക്കി. എകെജി പൊടോതുരുത്തിക്കാണ് രണ്ടാംസ്ഥാനം. വയൽക്കര വെങ്ങാട്ട് മൂന്നാം സ്ഥാനം നേടി.
ഞായറാഴ്ച വൈകുന്നേരം കനത്ത മഴയും ഇടിമിന്നലും മൂലം മാറ്റിവച്ച വനിതകളുടെ 15 പേർ തുഴയുന്ന വള്ളങ്ങളുടെ ഫൈനലിൽ വയൽക്കര വെങ്ങാട്ട് ജേതാക്കളായി. കൃഷ്ണപിള്ള കാവുഞ്ചിറയുടെ രണ്ട് ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പുരുഷൻമാരുടെ 15 പേർ തുഴയുന്ന വള്ളങ്ങളുടെ വിഭാഗത്തിൽ എകെജി പൊടോതുരുത്തി ജേതാക്കളായി. കൃഷ്ണപിള്ള കാവുഞ്ചിറ രണ്ടും മയിച്ച എകെജി ടീം മൂന്നും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം. രാജഗോപാലൻ എംഎൽഎ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നീലേശ്വരം നഗരസഭയും ചെറുവത്തൂർ പഞ്ചായത്തും സംയുക്തമായി ആതിഥേയത്വം വഹിച്ച ജലോത്സവത്തിൽ ആദ്യന്തം ആവേശകരമായ മത്സരങ്ങളാണ് നടന്നത്. 950 മീറ്റർ നീളമുള്ള ട്രാക്കിൽ ഒരു തുഴപ്പാട് പോലും വ്യത്യാസമില്ലാതെയാണ് മിക്ക ടീമുകളും ഫിനിഷിംഗ് ലൈൻ തൊട്ടത്. ഞായറാഴ്ച വൈകുന്നേരം മഴ മൂലം മാറ്റിവച്ച ഫൈനൽ മത്സരങ്ങൾ ഇന്നലെ രാവിലെ നടന്നപ്പോൾ പ്രവൃത്തിദിവസമായിട്ടും നൂറുകണക്കിനാളുകളാണ് മത്സരങ്ങൾ കാണാനെത്തിയത്.