പേര്യ ചുരം വഴിയുള്ള ഗതാഗതം നിലച്ചിട്ട് നാലുമാസം; നിർമാണം പുരോഗമിക്കുന്നു
1480328
Tuesday, November 19, 2024 7:31 AM IST
നെടുംപൊയിൽ: നെടുംപൊയിൽ തലശേരി -ബാവലി റോഡിലെ നെടുംപൊയിൽ-പേര്യ ചുരത്തിൽ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു. റോഡിൽ വിള്ളലുണ്ടായ ഭാഗത്തെ പുനർനിർമാണം, റോഡ് ടാറിംഗ്, മറ്റ് അനുബന്ധ പ്രവൃത്തികൾ എന്നിവയാണ് നടന്നുവരുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 30നാണ് ചുരത്തിലെ നാലാമത്തെ ഹെയർപിൻ വളവിന് സമീപം റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം പൂർണണായും നിരോധിച്ചത്.
ഓഗസ്റ്റ് 20ന് റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് പുനർനിർമാണം തുടങ്ങിയെങ്കിലും പല തവണ തടസപ്പെട്ടു. നിർമാണം നടക്കുന്നയിടത്ത് തുടർച്ചയായുള്ള മണ്ണിടിച്ചിലാണ് നിർമാണപ്രവൃത്തിക്ക് തടസമാകുന്നത്.
നേരത്തെയുണ്ടായ മണ്ണിടിച്ചിലിൽ നിർമാണത്തൊഴിലാളി മരിക്കുകയും ചെയ്തിരുന്നു. വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. സുരക്ഷ മുൻനിർത്തി മഴപെയ്യുന്ന സമയത്ത് ജോലി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് തൊഴിലാളികൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
റോഡ് പുനർനിർമിക്കുന്നതിന്റെ ഭാഗമായി വലിയ വിള്ളലുണ്ടായിടത്തുനിന്ന് മണ്ണ് നീക്കിയിരുന്നു. ഈ ഭാഗത്ത് ഇപ്പോൾ കോൺക്രീറ്റ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്.അടിത്തറ കോൺക്രീറ്റ് ചെ യ്യുന്ന പണിയും സംരക്ഷണഭിത്തി നിർമിക്കുന്ന പണിയുമാണ് നടക്കുന്നത്. ചുരം പാതയിലെ മറ്റ് ഭാഗങ്ങളിൽ റോഡ് ടാറിംഗും റോഡരികുകൾ കോൺക്രീറ്റ് ചെയ്യുന്ന പണികളും നടക്കുന്നുണ്ട്. റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഹെയർപിൻ വളവുകളിൽ കട്ടകളാണ് പാകുന്നത്. രണ്ട് ഹെയർപിൻ വളവുകളിലെ പഴയ കട്ടകൾ മാറ്റി പുതിയവയും പാകും.
യാത്രാക്ലേശം
കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം റോഡിലെ ഗതാഗതം നിലച്ചിട്ട് നാല് മാസമാകുകയാണ്.
വലിയ യാത്രാക്ലേശമാണ് നെടുംപൊയിൽ-പേര്യ ചുരം റോഡിനെ ആശ്രയിച്ചിരുന്നവർ അനുഭവിക്കുന്നത്. നെടുംപൊയിൽ-പേര്യ ചുരം റോഡ് എത്രയുംവേഗം തുറന്നുകൊടുക്കാൻ പറ്റുമെന്ന പ്ര തീക്ഷയിലാണെന്ന് പൊതുമ രാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.