റിയാദിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
1480147
Monday, November 18, 2024 10:13 PM IST
മട്ടന്നൂർ: റിയാദിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മരിച്ച മട്ടന്നൂർ പൊറോറ പെരിയച്ചൂരിൽ മോക്രങ്കോട് വീട്ടിൽ കരിയിൽ ഹരിയുടെ (44) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്നു രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കും. പരേതനായ ഗോപാലൻ-ശ്യാമള ദന്പതികളുടെ മകനാണ്. ഭാര്യ ഷോൾജി. മക്കൾ: ധ്യാൻദേവ്, അനൈദേവ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കരിത്തൂർപറമ്പ് നിദ്രാലയത്തിൽ നടക്കും. റിയാദ് കെഎംസിസി ഇടപെടലിലാണ് മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നത്.
റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ നിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്ങര, ജാഫർ വിമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.