മകന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകള്‍ക്കിടെ അച്ഛൻ കിണറ്റില്‍ മരിച്ച നിലയില്‍
1480146
Monday, November 18, 2024 10:13 PM IST
പയ്യന്നൂര്‍: മകന് നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ വയോധികനായ അച്ഛൻ കിണറ്റിൽ വീണു മരിച്ചനിലയില്‍ കണ്ടെത്തി. കുന്നരു നെടുമ്പുറം ബസ് സ്റ്റോപ്പിന് സമീപത്തെ മൗവ്വനാല്‍ പദ്മനാഭനെയാണ് (78) ഇന്നലെ രാവിലെ തറവാട് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പദ്മനാഭന്റെ പ്രവാസിയായ മകന് പവാന്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം.
ഗൃഹപ്രവേശനത്തോടനുബന്ധിച്ച് മകന് ദിവസങ്ങള്‍ക്കു മുമ്പേ നാട്ടിലെത്തിയിരുന്നു. തറവാട് വീടിനു സമീപം നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളുടെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ തന്നെ ഗണപതിഹോമം ആരംഭിച്ചിരുന്നു. പദ്മനാഭന് ഒഴികെ മറ്റുള്ള കുടുംബാംഗങ്ങളെല്ലാം തന്നെ ഇതിനായി പുതിയ വീട്ടിലെത്തിയിരുന്നു.
പദ്മനാഭനെ കാണാതെ വന്നതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നടക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന വടി തറവാട് വീടിന്റെ കുളിമുറിക്കു സമീപം കണ്ടെത്തിയതോടെയാണ് സംശയമുണര്‍ന്നത്.
ഇതേത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പയ്യന്നൂർ പോലീസ് കേസെടുത്തു. ഭാര്യ: നാരായണി. മക്കള്‍: പ്രിയ, പവാന്‍. മരുമക്കള്‍: മധു, രജിത.