മകന്റെ ഓട്ടോയിൽ യാത്രചെയ്ത വീട്ടമ്മ ഇന്നോവ ഇടിച്ച് മരിച്ചു
1479916
Sunday, November 17, 2024 11:45 PM IST
മട്ടന്നൂർ: നടുവേദനയെ തുടർന്ന് മകന്റെ ഓട്ടോറിക്ഷയിൽ ചികിത്സയ്ക്കായി പോകുന്നതിനിടെ ഓട്ടോയിൽ ഇന്നോവ ഇടിച്ച് വീട്ടമ്മ മരിച്ചു. കൂത്തുപറമ്പ് പുറക്കളം കിണവക്കലിലെ ഗംഗാധരന്റെ ഭാര്യ ഒറവയൽ വീട്ടിൽ കെ. ശ്രീമതി (64)യാണ് മരിച്ചത്. സംസ്കാരം നടത്തി. ഓട്ടോ ഡ്രൈവറായ മകൻ അനിൽകുമാറിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ മട്ടന്നൂർ - തലശേരി റോഡിൽ പഴശി റേഷൻ ഷോപ്പിന് മുന്നിലായിരുന്നു അപകടം.
നടുവേദനയെത്തുടർന്നു ഡോക്ടറെ കാണിക്കാൻ മകന്റെ ഓട്ടോറിക്ഷയിൽ എടൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു പോകുകയായിരുന്ന ഇന്നോവ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ശ്രീമതിയെയും മകനെയും നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീമതിയെ രക്ഷിക്കാനായില്ല. മട്ടന്നൂരിൽ നിന്നെത്തിയ പോലീസും അഗ്നിശമന വിഭാഗവും അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കി റോഡിൽ ഒഴുകിയ ഓയിൽ കഴുകി വൃത്തിയാക്കിയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. സി. ഗംഗാധരനാണ് ശ്രീമതിയുടെ ഭർത്താവ്. ബിനു, ബിന്ദു എന്നിവർ മറ്റു മക്കളാണ്.