മാനന്തവാടി: ആർട്ടിഫിഷൽ ഇന്റലിജൻസ് സാമൂഹ്യ സേവന മേഖലയിൽ ഉപയോഗപ്പെടുത്തണമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 2023-2024 വർഷത്തെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ സാമൂഹ്യ സേവന മാർഗത്തിലേക്ക് ഇറങ്ങണമെങ്കിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തണമെന്നും വ്യക്തികളുടെ കഴിവ് പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ വാർഷിക റിപ്പോർട്ട്, വാർഷിക കണക്കുകൾ എന്നിവ അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് ബജറ്റ്, ഭാവി പ്രവർത്തങ്ങൾ എന്നിവയും അവതരിപ്പിച്ചു. കൂടാതെ ബയോവിൻ പ്രവർത്തനങ്ങളെ കുറിച്ച് മാനേജിംഗ് ഡയറക്ടർ ഫാ. ജോണ് ചൂരപ്പുഴയിൽ, റേഡിയോ മാറ്റൊലിയെക്കുറിച്ച് ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളിൽ, നീലഗിരി ഡെവലെപ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഡയറക്ടർ ഫാ. ബിനോയ് കാശംകുറ്റിയിൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭരണസമിതി അംഗങ്ങളായ ഫാ. സോണി വാഴക്കാട്ട്, ഫാ. അനൂപ് കളിയാനിയിൽ, ഫാ. ജോണി മലയിൽ, സിസ്റ്റർ നവ്യ റോസ്, സെബാസ്റ്റ്യൻ പാലംപറന്പിൽ, പ്രദീപ്, ബാലൻ പുതൂർ, വത്സ കല്ലോടി, ചാക്കോ ചെറുപ്ലാവിൽ, ബിജു ചുങ്കക്കുന്ന്, സിസിലി മാത്യു എന്നിവർ പ്രസംഗിച്ചു.