വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശന-വിപണന മേള തുടങ്ങി
1423437
Sunday, May 19, 2024 5:46 AM IST
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ സംഭകർക്കായി ’ഛായാമുഖി’ എന്ന പേരിൽ സംഘടിപ്പിച്ച രണ്ടാമത് ഉത്പന്ന പ്രദർശന-വിപണന മേള എസ്കഐംജെ സ്കൂളിലെ എം.കെ. ജിനചന്ദ്രൻ ഹാളിൽ തുടങ്ങി.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടണ്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.ജെ. ഐസക് മുഖ്യാതിഥിയായി. ആയിരുന്നു.
വയനാട്ടിൽനിന്നു ഗുജറാത്തിലെ സോമനാഥ് വരെ ഒറ്റയ്ക്ക് സൈക്കിളിൽ സഞ്ചരിച്ച അപർണ വിനോദ്, യുവശാസ്ത്രജ്ഞയ്ക്കുള്ള കേന്ദ്ര ഫെല്ലോഷിപ്പ് നേടിയ വി. മോനിഷ, ഭാരതനാട്യം ബിരുദാനന്തരബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ശുഭ ബാബു, സൈക്ലിംഗ് ചാന്പ്യൻ മഹി സുധി എന്നിവരെ ആദരിച്ചു.
വിമൻ ചേംബർ പുറത്തിറക്കിയ ന്യൂസ് ലെറ്റർ മുൻസിപ്പൽ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും സംയുക്തമായി പ്രകാശനം ചെയ്തു. ചേംബർ സെക്രട്ടറി എം.ഡി. ശ്യാമള സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ പാർവതി വിഷ്ണുദാസ് നന്ദിയും പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20 ഓളം സംരംഭകരുടെ സ്റ്റാളുകൾ മേളയിലുണ്ട്. ആരോഗ്യം, ടൂറിസം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതാണ് സ്റ്റാളുകൾ.
പട്ടികവർഗ വിഭാഗത്തിലെ സംരംഭകരും പങ്കെടുക്കുന്നുണ്ട്. മേൻമയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്റ്റാളുകളിൽ ലഭ്യമാണ്. മേള ഇന്ന് സമാപിക്കും.