പ്ലസ് ടു പാസായ പട്ടികവർഗ വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്യാന്പ് ഇന്നും നാളെയും
1423296
Saturday, May 18, 2024 6:03 AM IST
കൽപ്പറ്റ: പ്ലസ് ടു പാസായ പട്ടികവർഗ വിദ്യാർഥികൾക്കായി വടുവൻചാൽ ഗവ.സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം, എറണാകുളം ചൂണ്ടി ഭാരത്മാതാ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ആദിശക്തി സമ്മർ സ്കൂൾ എന്നിവ സംയുക്തമായി ഓറിയന്റേഷൻ ക്യാന്പ് സംഘടിപ്പിക്കുന്നു. വടുവൻചാൽ(തോമാട്ടുചാൽ)ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നും നാളെയുമാണ് ക്യാന്പ്. വിദ്യാർഥികളെ ഡിഗ്രി ഇതര കോഴ്സുകൾ പരിചയപ്പെടുത്തും.
വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകൾ, മാറ്റങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നയിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഈ അധ്യയനവർഷം ആരംഭിക്കുന്നതും ഡിഗ്രി തലം മുതൽ നടപ്പാക്കുന്നതുമായ പരിഷ്കാരങ്ങളെക്കുറിച്ച് വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ബോധവത്കരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു എത്തുന്ന വിദ്യാർഥികൾക്ക് താമസ, ഭക്ഷണ സൗകര്യം ഒരുക്കും.
ഡിഗ്രി, പ്രഫഷണൽ, പാര മെഡിക്കൽ കോഴ്സുകളിലും താത്പര്യമുള്ള മറ്റു കോഴ്സുകളിലും പ്രവേശനം നേടുന്നതിൽ വിദ്യാർഥികൾക്ക് വഴിയൊരുക്കുന്നതിനു ക്യാന്പിനുശേഷം ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.