വീട് കുത്തിത്തുറന്ന് ഒമ്പതുലക്ഷം രൂപയും ഒമ്പതു പവനും കവര്‍ന്നു
1424025
Tuesday, May 21, 2024 8:10 AM IST
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും വന്‍കവര്‍ച്ച. പാവൂര്‍ മച്ചമ്പാടി സിഎം നഗറിലെ പ്രവാസി ഇബ്രാഹിം ഖലീലിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ ഒമ്പതുലക്ഷം രൂപയും ഒമ്പതുപവന്‍ സ്വര്‍ണവും റാഡോ വാച്ചും രേഖകളും നഷ്ടമായി.
പണവും സ്വര്‍ണവും സൂക്ഷിച്ച കിടപ്പുമുറിയിലെ അലമാരയുടെ ലോക്കര്‍ സഹിതമാണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. ഖലീലും കുടുംബവും ആറു മാസം മുമ്പാണ് ഗള്‍ഫില്‍ പോയത്. ശനിയാഴ്ച രാത്രി വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഖലീല്‍ തന്റെ മൊബൈലില്‍ പരിശോധിച്ചപ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സമീപത്തെ ബന്ധുവിനെ വിളിച്ച് വീട് പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ബോധ്യപ്പെട്ടത്. സിസിടിവി കാമറകളും കവര്‍ച്ചാസംഘം മോഷ്ടിച്ചിരുന്നു. 30 കിലോയോളം വരുന്ന ലോക്കര്‍ ഹെല്‍മറ്റ് ധരിച്ച രണ്ടു മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോകുന്നതും സ്കൂട്ടറില്‍ കയറി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
മഞ്ചേശ്വരം സ്റ്റേഷന് പരിധിയില്‍ നാലു മാസത്തിനിടെ പത്തോളം കവര്‍ച്ചകളാണ് നടന്നത്. അടിക്കടി ഉണ്ടാവുന്ന കവര്‍ച്ചകള്‍ പോലീസിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കുകയാണ്.
കവര്‍ച്ചകള്‍ തുടര്‍ക്കഥയാകുമ്പോഴും ഒരു കേസില്‍ പോലും പ്രതികളെ പിടിക്കാനോ മോഷണ മുതല്‍ വീണ്ടെടുക്കാനോ പോലീസിന് സാധിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ.കെ.എം.അഷ്റഫ് എംഎല്‍എ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ആ 36 പവന് സുരക്ഷിതം!
കാസര്‍ഗോഡ്: മോഷണം പോയെന്നുകരുതിയ സ്വര്‍ണം തിരിച്ചുകിട്ടിയപ്പോള്‍ വീട്ടുകാര്‍ക്ക് ആശ്വാസം. മൊഗ്രാല്‍-പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് പിറകുവശം മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. രോഗിയായ ഇബ്രാഹിമും ഭാര്യ മറിയുമ്മയും വീട് പൂട്ടി ചൗക്കി മജലിലുള്ള മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇന്നലെ ഇബ്രാഹിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ തലേദിവസം രാത്രിയോടെ വസ്ത്രങ്ങളെടുക്കുന്നതിനായി മറിയമ്മയും മരുമകനും എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്.
അകത്തെ നാല് അലമാരകളും കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇതില്‍ സൂക്ഷിച്ചിരുന്ന ഇബ്രാഹിമിന്റെ മകന്റെ ഭാര്യയുടെ സ്വര്‍ണം മോഷണം പോയെന്നാണ് എല്ലാവരും വിശ്വസിച്ചത്.
എന്നാല്‍ കാസർഗോഡ് ടൗണ്‍ പോലീസെത്തി വീട്ടുകാരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെടുത്തു. അലമാരയ്ക്കുള്ളില്‍ ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 36 പവന് സ്വര്‍ണം കവര്‍ച്ചക്കാരുടെ കണ്ണില്‍പ്പെടാത്തതിനാല്‍ സുരക്ഷിതമായിരുന്നു.
കയര്‍ക്കട്ടയിലെ പൂട്ടിക്കിടന്ന കാസിമിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന സംഘം അലമാരകളും മറ്റും പരിശോധിച്ചതിന്റെ അടയാളങ്ങളുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.