ജില്ലയിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽ; വ്യാപാരമേഖലയും കടുത്ത മാന്ദ്യത്തിൽ
1424014
Tuesday, May 21, 2024 7:37 AM IST
സുൽത്താൻ ബത്തേരി: ജില്ലയിലെ ടൂറിസം മേഖല കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ. വന്യമൃഗ ശല്യവും തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളടച്ചതും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു.
മിക്ക റിസോർട്ടുകളും ഹോംസ്റ്റേകളും ആഴ്ചകളായി താമസക്കാരില്ലാതെ കടുത്ത ദുരിതത്തിലാണ്. ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും സ്ഥിതി ഭിന്നമല്ല. പുതുതായി തുറന്നവ അടക്കം ജില്ലയിലെ ഹോട്ടലുകൾ പലതും അടച്ചിട്ട അവസ്ഥയിലാണ്. വാരാന്ത്യങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ജില്ലയിൽ എവിടെയും തിരക്കനുഭവപ്പെട്ടില്ല. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശകരും കുറവാണ്. ഊട്ടിയിലേക്കുള്ള യാത്ര ഇ-പാസ് മൂലം നിയന്ത്രിച്ചതും താമരശേരി ചുരത്തിലെ നിത്യ ഗതാഗതക്കുരുക്കും വിനോദസഞ്ചാരികൾ വയനാട്ടിലേക്ക് വരുവാൻ മടിക്കുകയാണ്.
വ്യാപാരമേഖലയും കടുത്ത മാന്ദ്യത്തിലാണ്. ഊട്ടിയിൽ ഫ്ലവർ ഷോ കാണാനും വേനൽ അവധിക്കും കഴിഞ്ഞവർഷം എത്തിയ സഞ്ചാരികളുടെ പകുതി പോലും ഈ വർഷം എത്തിയിട്ടില്ല. സന്ധ്യയാവുന്നതോടെ അങ്ങാടികൾ കാലിയാവുന്നു. വന്യമൃഗആക്രമണംമൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മരണങ്ങൾ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് പെട്ടെന്ന് കുറച്ചു. ജില്ലയിലെങ്ങും വന്യമൃഗ ശല്യമാണെന്ന പ്രചാരണം വ്യാപിച്ചതോടെയാണ് ടൂറിസം മേഖലയിൽ തിരക്കില്ലതായത്. ഇതോടൊപ്പം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഓരോന്നായി അധികൃതർ അടക്കുകയും ചെയ്തു. വനം വകുപ്പിന് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അടച്ചതിലധികവും.
ബാണാസുര ഡാമിലെ തൊഴിലാളി സമരവും സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവ ദ്വീപ്, ചെന്പ്ര പീക് മുത്തങ്ങ തുടങ്ങിയവ അടച്ചതും സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി എൻ ഊര് ഗോത്ര പൈതൃക ഗ്രാമം കൂടി അടച്ചതോടെ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചതായുള്ള പ്രചാരണം കർണാടകയിലും തെക്കൻ കേരളത്തിലും വ്യാപകമായി. ഇതിനിടെ ഹൈക്കോടതിയിൽ ഒരു സംഘടന നൽകിയ ഹരജി പരിഗണിച്ച് വയനാട് ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ വിധി വന്നതും ടൂറിസം മേഖലക്ക് ഇരുട്ടടിയായി.