എൽഡിഎഫ് ആരോപണം അടിസ്ഥാനരഹിതമെന്ന്
1423773
Monday, May 20, 2024 5:56 AM IST
പുൽപ്പള്ളി: പൂതാടി പഞ്ചായത്തിനെതിരായ എൽഡിഎഫ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് മിനി പ്രകാശൻ, വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരൻ, കെ.ജെ. സണ്ണി, മേഴ്സി സാബു, ഒ.കെ. ലാലു എന്നാവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2.5 കോടി രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമിടാൻ ഭരണസമിതി തീരുമാനിച്ചിട്ടില്ല. പഞ്ചായത്തിൽ 2024-25 സാന്പത്തികവർഷം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട തുകയിൽ 75 ലക്ഷം രൂപ പൂതാടി സഹകരണ ബാങ്കിൽ നിക്ഷേപിക്കാനും പദ്ധതി ബിൽ ലഭ്യമാകുന്ന മുറയ്ക്ക് തുക പിൻവലിക്കാനുമാണ് ആലോചിച്ചത്.
വരൾച്ചാബാധിത പ്രദേശങ്ങളിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തിയിട്ടുണ്ട്. ഈ വർഷം ജില്ലയിൽ ആദ്യം കുടിവെള്ളവിതരണം തുടങ്ങിയത് പൂതാടി പഞ്ചായത്തിലാണ്. 2023-24 സാന്പത്തികവർഷം ആദ്യപാദത്തിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ട്രഷറിയിൽ പാസായിരുന്നില്ല.
മാർച്ചോടെയാണ് അഞ്ച് ലക്ഷം രൂപവരെയുള്ള ബില്ലുകൾ പാസാക്കിയത്. മാർച്ച് 25 ബില്ലുകൾ ട്രഷറിയിൽ സ്വീകരിക്കുന്ന അവസാന തീയതിയായിരുന്നു. ബില്ലുകൾ തയാറാക്കി സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സമയം നൽകിയില്ല. എൽഎസ്ജിഡി ഓഫീസിൽ ഓവർസീയർ തസ്തികയിൽ ആളില്ല. ക്ലാർക്ക് തസ്തിക വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇത് പദ്ധതി നിർവഹണത്തിന് തടസമായി.
എന്നിട്ടും അസി.എൻജിനിയറുടെ 211 പദ്ധതികളിൽ, മറ്റ് ഓഫീസുകളിൽനിന്നു നിരാക്ഷേപ പത്രം ലഭ്യമാക്കേണ്ടത് ഒഴികെ മുഴുവൻ പ്രവൃത്തികളുടെയും ടെണ്ടർ നടപടികൾ പൂർത്തിയാക്കി. 73 ശതമാനത്തോളം തുക ചെലവഴിക്കാൻ സാധിച്ചു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഒരു വർഷം പോലും 60 ശതമാനത്തിലധികം തുക ചെലവഴിക്കാൻ കഴിഞ്ഞില്ലെന്നും പ്രസിഡന്റും മറ്റും പറഞ്ഞു.