പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം : 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണമെന്ന്
1423287
Saturday, May 18, 2024 6:02 AM IST
പുൽപ്പള്ളി: കുടിയേറ്റ മേഖലയിലെ ജനങ്ങൾക്ക് ഏക ആശ്രയമായ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ചികിത്സ സംവിധാനങ്ങൾ എല്ലാം ഉണ്ടായിട്ടും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സഥിതിയാണ്. എക്സ്റേ, മികച്ച ലാബ്, ഓപ്പറേഷൻ തിയേറ്റർ, പെയിൻ ആൻഡ് പാലിയേറ്റീവ് ഹോം കെയർ, ഡെന്റൽ ക്ലിനിക്ക്,
സായാഹ്ന ഒപി ഇവയ്ക്കെല്ലാം ഉപരിയായി സ്പീച്ച് തെറാപ്പി, സൈക്കോ തെറാപ്പി, ഫിസിയോ തെറാപ്പി ഓഫ് താമോളജി, കൗമാരക്കാർക്ക് കൗണ്‍സലിംഗ് ആവശ്യമായ ചികിത്സ സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്.
ഇത്രയൊക്കെ സംവിധാനങ്ങൾ ഇവിടെ ഉണ്ടെങ്കിലും അപകടങ്ങളോ മറ്റ് അടിയന്തര ചികിത്സയോ ആവശ്യം വന്നാൽ അവരെ താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്ന സ്ഥിതിയാണിവിടെ. ഏഴ് ഡോക്ടർമാരും താത്കാലിക ജീവനക്കാരുമടക്കം എണ്‍പതോളം ജീവനക്കാരാണിവിടെ സേവനം ചെയ്യുന്നത്. പ്രതിമാസം അന്‍പത് ലക്ഷത്തോളം രൂപയാണ് ആശുപത്രി പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. എന്നാൽ ഇവിടെ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങൾ തുച്ഛമാണ്.
വാർഡിൽ കിടത്തി ചികിത്സയ്ക്ക് സൗകര്യമുണ്ടെങ്കിലും കിടക്കകൾ അധികവും കാലിയാണ്. ഇസിജി എടുക്കാൻ ടെക്നീഷ്യൻമാരുടെ കുറവ് കാരണം പുറമേ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നിത്യേന 400 ഓളം രോഗികളാണ് ഇവിടെ ഒപിയിൽ എത്തുന്നത്. സായാഹ്ന ഒപി പല ദിവസങ്ങളിലും ഇല്ലാത്ത അവസ്ഥയാണ്. പുൽപ്പള്ളി താഴെ അങ്ങാടിക്കടുത്ത് മൂന്ന് കോടി രൂപയോളം മുടക്കിയ ആശുപത്രി കെട്ടിടം കോവിഡ് ചികിത്സയ്ക്കായി തുറന്നിരുന്നു. എന്നാൽ അതിനു ശേഷം അടച്ചു പൂട്ടി കിടക്കുകയാണ്.
ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇപ്പോൾ ഹോസ്പിറ്റലിൽ ഒപി യിൽ രണ്ട് ഡോകടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.