വൈദ്യുതി ബോർഡിലെ നിയമന നിരോധനത്തിനെതിരേ കരിദിനം ആചരിച്ചു
1423778
Monday, May 20, 2024 5:56 AM IST
മാനന്തവാടി: വൈദ്യുതി ബോർഡിന്റെ സെക്ഷൻ ഓഫീസുകളിൽ നൂറ് കണക്കിന് ഫീൽഡ് ജീവനക്കാരുടെ ഒഴിവുകളിൽ പിഎസ്്സി നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ (ഐഎൻടിയുസി) കരിദിനം ആചരിച്ചു. മാനന്തവാടി ഡിവിഷൻ ഓഫീസിന് മുന്പിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി എം.എം. ബോബിൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ നൂറിലധികം ലൈൻമാൻ, വർക്കർ തസ്തികൾ ഒഴിഞ്ഞു കിടക്കുന്നതു മൂലം വൈദ്യുതി മുടക്കം പരിഹരിക്കുന്നതുൾപടെയുള്ള അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനു പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്.
ഒഴിഞ്ഞു കിടക്കുന്ന തസ്തികളിൽ പിഎസ്്സി നിയമനം നടത്തണം. അതുവരെ യോഗ്യരായവരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണം. വേനൽ മഴയിൽ വൈദ്യുതി തടസം പരിഹരിക്കാൻ ദിവസങ്ങൾ എടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കാലവർഷവും പടിവാതിക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വൈദ്യുതി ബോർഡിന്റെ കനത്ത അനാസ്ഥയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഒ.വി. ബാബു അധ്യക്ഷത വഹിച്ചു. പി.ജെ. വിജേഷ്, ഹസ്ബീർ അലി ഹസൻ എന്നിവർ പ്രസംഗിച്ചു.